പ്രതീക്ഷകൾ കാറ്റിൽ പറത്തി ടീം ഇന്ത്യ: കിവീസിനെതിരെ മുംബൈ ടെസ്റ്റിലും തകർച്ച

നിഹാരിക കെ എസ്
വെള്ളി, 1 നവം‌ബര്‍ 2024 (17:20 IST)
മുംബൈ: ന്യൂസിലൻഡിനെതിരെ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഇന്ത്യ ഒന്നാംദിനം കളിനിർത്തുമ്പോൾ നാലിന് 86 എന്ന നിലയിലാണ്. അവസാന 15 മിനിറ്റിനുള്ളിൽ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 78/1 എന്ന നിലയിൽ നിന്ന് ഇന്ത്യ 86/4 എന്ന നിലയിലേക്ക് അതിവേഗം ചുരുങ്ങി. 149 റൺസിന് പിന്നിലാണ് ഇന്ത്യ ഇപ്പോൾ.
 
ശുഭ്മാൻ ഗിൽ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസിൽ. കിവീസിന് വേണ്ടി അജാസ് പട്ടേൽ രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്. ബാറ്റിംഗിൽ രോഹിത് ശർമ (18) ഒരിക്കൽകൂടി നിരാശപ്പെടുത്തി. സ്‌കോർബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ രോഹിത് മടങ്ങി.
ഹെന്റിയുടെ പന്തിൽ ആണ് രോഹിത് പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ ഗിൽ, യശസ്വി ജയ്സ്വാളിനെ (30) കൂട്ടുപിടിച്ച് ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷ നൽകി. 53 റൺസാണ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തത്. 
 
എന്നാൽ അജാസ് പട്ടേലിന്റെ പന്തിൽ ജയസ്വാൾ ബൗൾഡ്. പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് സിറാജിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ സിറാജ് (0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. അഞ്ചാമനായി വന്ന വിരാട് കോലിയെങ്കിലും പക്വത കാണിക്കുമെന്ന് കരുതിയെങ്കിലും വെറുതെയായി. അനാവശ്യ റൺ എടുക്കാൻ ശ്രമിച്ച് കോലിയും റണ്ണൗട്ടായി. നാല് റൺസ് മാത്രമെടുത്ത താരം ഹെന്റിയുടെ നേരിട്ടുള്ള ഏറിൽ പുറത്താവുകയായിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങുന്നത്. പിന്നീട് റിഷഭ് പന്ത് - ഗിൽ സഖ്യം വിക്കറ്റ് പോവാതെ കാത്തു.
 
മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകർത്തത്. വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചിൽ കിവീസ് ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ഡാരിൽ മിച്ചൽ (82), വിൽ യംഗ് (71) എന്നിവരാണ് ന്യൂസിലൻഡിനെ സാമാന്യം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article