രണ്ട് രക്ഷകരും കറക്കി വീഴ്‌ത്താന്‍ ചാഹലും‍; കിവികളുടെ തോല്‍‌വി 35 റൺസിന് - പരമ്പര ഇന്ത്യക്ക്

ഞായര്‍, 3 ഫെബ്രുവരി 2019 (16:02 IST)
രക്ഷകരായി അമ്പാട്ടി റായുഡുവും ഹാര്‍ദിക് പാണ്ഡ്യയും എത്തിയ വെല്ലിങ്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക് 35 റൺസ് ജയം. 253 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലൻഡിന്റെ പോരാട്ടം 44.1 ഓവറില്‍ 217 റൺസിന് അവസാനിച്ചു. റായുഡു കളിയിലെയും ഷമി പരമ്പരയിലെയും താരമായി.

യുസ്‍വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ഭുവനേശ്വര്‍ കുമാർ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ 4–1ന് പരമ്പര ഇന്ത്യക്ക് സ്വന്തമായി.

253 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലൻഡിന് ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായി കൊണ്ടിരുന്നു.

കോളിൻ മൺറോ (24), ഹെൻറി നിക്കോൾസ് (എട്ട്), റോസ് ടെയ്‍ലര്‍ (1),  നായകൻ കെയ്ൻ വില്യംസൺ (39), ടോം ലാതം (37), കോളിൻ ഗ്രാൻഡ്ഹോം (11), ടോഡ് ആസിൽ (10), മിച്ചൽ സാന്റ്നർ (22), ട്രെന്റ് ബോള്‍ട്ട് (1)  എന്നിങ്ങനെയാണു പുറത്തായ ന്യൂസീലൻഡ് താരങ്ങളുടെ സ്‌കോറുകള്‍.

നാല് വിക്കറ്റിന് 18 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ അമ്പാട്ടി റായിഡുവും വിജയ് ശങ്കറും (45) 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആറാം വിക്കറ്റില്‍ റായുഡുവും (90) കേദര്‍ ജാദവും (34) ചേര്‍ന്ന് 74 റണ്‍സ് അടിച്ചെടുത്തു.

എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ഹാർദിക് പാണ്ഡ്യ അടിച്ചെടുത്തത് 45 റണ്‍സാണ്. 22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. ഭുവനേശ്വര്‍ - പാണ്ഡ്യ സഖ്യം 45 റണ്‍സാണ് കുട്ടിച്ചേര്‍ത്തത്.

രോഹിത് ശര്‍മ (2), ശിഖർ ധവാൻ (6), ശുഭ്മാൻ ഗിൽ (7), ധോണി (1), കേദാർ ജാദവ് (34), ഭുവനേശ്വര്‍ കുമാർ (6), മുഹമ്മദ് ഷമി (1) എന്നിങ്ങനെയാണു ഇന്ത്യയുടെ മുന്‍‌നിരയുടെ സമ്പാദ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍