ധോണി വരും, കാര്‍ത്തിക്ക് പുറത്താകും; നാണക്കേട് മായ്‌ക്കാന്‍ കടുത്ത തീരുമാനങ്ങളുമായി രോഹിത്
ശനി, 2 ഫെബ്രുവരി 2019 (14:51 IST)
തന്റെ ഇരുന്നൂറാം ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് പകരം ചോദിക്കണം, കോഹ്‌ലിക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന ക്യാപ്‌റ്റനാണെന്ന് തെളിയിക്കണം. എന്നിങ്ങനെയുള്ള പല ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കേണ്ടതുണ്ട് രോഹിത് ശര്‍മ്മയ്‌ക്ക്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിനിറങ്ങുമ്പോള്‍ ഹിറ്റ്‌മാന്റെ മനസില്‍ ജയത്തില്‍ കുറഞ്ഞതൊന്നുമില്ല.
പരമ്പര സ്വന്തമായെങ്കിലും അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ സ്വപ്‌നം കാണുന്നത് വമ്പന്‍ ജയമാണ്. 300ന് മുകളിലുള്ള സ്‌കോറിനൊപ്പം രോഹിത്തിന്റെ മറ്റൊരു ഇരട്ട സെഞ്ചുറിയും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌മാന്‍ കൂടെയില്ലെങ്കില്‍ ടീം തകരുമെന്ന മുന്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍ക് വോയുടെ പരിഹാസത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കേണ്ടതുമുണ്ട്.
മഹേന്ദ്ര സിംഗ് ധോണി കളിക്കുമെന്ന ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ വാക്കുകള്‍ പരമ്പരയിലെ അവസാന അങ്കത്തിനിറങ്ങുന്ന രോഹിത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ചീട്ടുക്കൊട്ടാരം പോലെ തകരുന്ന മധ്യനിരയ്‌ക്ക് ധോണിയുടെ മടങ്ങിവരവ് കരുത്ത് നല്‍കും.
ധോണി - രോഹിത് കെമസ്‌ട്രി ഇന്ത്യന്‍ ടീമിന്റെ ശക്തിയാണ്. ഇക്കാര്യം പരിശീലകന്‍ രവി ശാസ്‌ത്രിക്ക് വ്യക്തമായി അറിയാം. മഹിയില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ഹിറ്റ്‌മാന് മടിയില്ല. കോഹ്‌ലിയേക്കാള്‍ ധോണിയുടെ നിര്‍ദേശങ്ങള്‍ക്ക് ചെവികൊടുക്കുന്ന ക്യാപ്‌റ്റന്‍ കൂടിയാണ് ആരാധകരുടെ പ്രിയതാരമായ രോഹിത്.
ടോസ് ലഭിച്ചാല്‍ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തേക്കും. തണുത്ത കാറ്റ് വീശുന്ന വെല്ലിങ്‌ടണില്‍ ആദ്യം ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. തുടക്കത്തില്‍ പിച്ചില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് ബോളര്‍മാരെ സഹായിക്കും. ഹാമില്‍ട്ടനില്‍ ട്രെന്റ് ബോള്‍ട്ടിന് ലഭിച്ചതു പോലെയുള്ള അനുകൂല സാഹചര്യം വെല്ലിങ്ടണിലുമുണ്ടാകും. അതിനാല്‍ ടോസിന്റെ ഭാഗ്യം കളിയുടെ ഗതി നിര്‍ണയിക്കും.
പ്ലെയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് രവി ശാസ്‌ത്രി വ്യക്തമാക്കി. ധോണിയേയും ദിനേഷ് കാര്‍ത്തിക്കിനേയും ഒരുമിപ്പിച്ച് കളിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ടീമിന്റെ നട്ടെല്ലായ ധോണി എത്തുമ്പോള്‍ കാര്‍ത്തിക്ക് പുറത്തായേക്കും.
അതേസമയം, ഓപ്പണിംഗ് ബാറ്റ്‌സ്‌മാന്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന് പരുക്കേറ്റത് ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടിയായി. ഗുപ്‌റ്റിലിന് പകരമായി കോളിന്‍ മണ്‍റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മൂന്ന് ഏകദിനങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ താരമാണ് മണ്‍റോ. മൂന്ന് ഏകദിന മത്സരങ്ങളില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.