Australia vs India, 3rd Test, Day 5: ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലും മഴ ഇന്ത്യയുടെ രക്ഷകനാകുന്നു. ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഓസീസ് മഴയ്ക്കു ശേഷം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 260 റണ്‍സിന് ഓള്‍ഔട്ട് ആയി.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 ലേക്ക് ബാറ്റ് വീശിയ ഇന്ത്യ 78.5 ഓവറില്‍ 260 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. കെ.എല്‍.രാഹുല്‍ (139 പന്തില്‍ 84), രവീന്ദ്ര ജഡേജ (123 പന്തില്‍ 77) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ആകാശ് ദീപിന്റെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയുടെ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയത്.
ആകാശ് ദീപ് 44 പന്തില്‍ 31 റണ്‍സെടുത്തു. ജസ്പ്രീത് ബുംറ 38 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 22 ഓവറില്‍ 81 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനു മൂന്ന് വിക്കറ്റ്.
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കു ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രം ആയിരിക്കെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (ഏഴ് പന്തില്‍ എട്ട്) ആണ് പുറത്തായത്.