പണി വരുന്നതേ ഉള്ളു... ക്രിക്കറ്റിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ, ഏഷ്യാ കപ്പിൽ നിന്നും പിന്മാറിയേക്കും

അഭിറാം മനോഹർ

തിങ്കള്‍, 19 മെയ് 2025 (14:35 IST)
സെപ്റ്റംബറില്‍ ഇന്ത്യ വേദിയാകേണ്ട ഏഷ്യാകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യ പിന്മാറുമെന്ന് സൂചന. ഇത് സംബന്ധിച്ച വിവരം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ബിസിസിഐ അറിയിച്ചെന്നാണ് സൂചന. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയായ മൊഹ്‌സിന്‍ നഖ്വിയാണ് നിലവിലെ എസിസി ചെയര്‍മാന്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയുടെ ഈ നീക്കം. ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന വനിതാ എമെര്‍ജിങ് ടീം ഏഷ്യാകപ്പിലും ഇന്ത്യ കളിക്കില്ല. ക്രിക്കറ്റില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
 
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെങ്കിലും നയതന്ത്രപരമായി പാകിസ്ഥാനെതിരായ നടപടികള്‍ ഇന്ത്യ തുടരുകയാണ്. സിന്ധു നദിയിലെ കരാര്‍ മരവിപ്പിക്കുന്നതും പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തലാക്കുന്നതും അടക്കമുള്ള നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയായ മൊഹ്‌സിന്‍ നഖ്വി അധ്യക്ഷനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായും ഇന്ത്യ നിസഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍