ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക 50 ഓവറില്‍ 274 റണ്‍സെടുത്തു. ക്യാപ്‌റ്റന്‍ ഏഞ്ചലോ മാത്യൂസും (92) സംഗാക്കാരയും (61) മാത്രമാണ് ലങ്കന്‍ നിരയില്‍ മാന്യമായ സ്‌കോര്‍ കണ്ടെത്തിയത്.
ടോസ് നേടിയ ലങ്കൻ ക്യാപ്‌റ്റന്‍ ഏഞ്ചലോ മാത്യൂസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്‌റ്റന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ബൌളര്‍മാരില്‍ നിന്ന് ലങ്കയ്ക്ക് നേരിടേണ്ടി വന്നത്. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സുള്ള സമയത്താണ് ഓപ്പണറായ പെരേര (4) ഉമേഷ് യാധവിന്റെ മികച്ച പന്തിനു മുന്നില്‍ വിക്കറ്റ് സമ്മാനിച്ച് പുറത്തായത്. തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതില്‍ ലങ്ക പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്നെത്തിയ മുന്‍ നായകന്‍ കുമാര്‍ സംഗാക്കരയുമൊത്ത് ദില്‍ഷന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. മികച്ച പന്തുകളെ ഒഴിവാക്കിയും മോശം പന്തുകളെ അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തതോടെ സ്‌കോര്‍ പതുക്കെയായി. 51 റണ്‍സിന്റെ കൂട്ട്ക്കെട്ട് സ്ഥാപിച്ച ശേഷമാണ് ദില്‍ഷന്‍ (35) പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. തുടര്‍ന്നെത്തിയ ജയവര്‍ദ്ധന സംഗാക്കാരയുമൊത്ത് മികച്ചയൊരു തിരിച്ച് വരവ് നടത്തുമെന്ന് കരുതിയ നിമിഷമാണ് പതിമൂന്നാം ഓവറില്‍ അശ്വവിന് വിക്കറ്റ് സമ്മാനിച്ച് നാലു റണ്ണുമായി ജയവര്‍ദ്ധന കൂടാരം കയറിയത്. പിന്നീടാണ് ലങ്കയെ കരകയറ്റിയ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തപ്പെട്ടത്.
നായകന്‍ ഏഞ്ചലോ മാത്യൂസും സംഗാക്കാരയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ സ്‌കോര്‍ ഒച്ച് ഇഴയുന്ന വേഗത്തില്‍ മുന്നോട്ട് പോയി. ഇതിനിടയില്‍ താളം കണ്ടെത്തിയ ഏഞ്ചലോ മാത്യൂസും സംഗയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോറിന് അനക്കം വെച്ചു. എന്നാല്‍ ഉമേഷ് യാധവ് വീണ്ടും ആഞ്ഞടിച്ചതോടെ സംഗാക്കര (61) ധവാന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയവര്‍ ഏഞ്ചലോ മാത്യൂസിന് മികച്ച പിന്തുണ നല്‍കിയതോടെ അവസാന ഓവറുകളില്‍ ലങ്ക മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.