സെഞ്ചുറിക്ക് പതിനഞ്ച് റണ്‍സ് അകലെവെച്ച് ഡിവില്ലിയേഴ്‌സ് വീണു; സന്ദര്‍ശകര്‍ 214ന് പുറത്ത്

ശനി, 14 നവം‌ബര്‍ 2015 (15:55 IST)
ആദ്യ ടെസ്‌റ്റിലെന്ന പോലെ രണ്ടാം ടെസ്‌റ്റിലും ഇന്ത്യന്‍ സ്‌പിന്നിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്നു. ഒന്നാം ദിവസം തന്നെ സന്ദര്‍ശകര്‍ 214 റണ്‍സിന് കൂടാരം കയറുകയായിരുന്നു. അവസാന വിവരം ലഭിക്കുബോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്‌ടപ്പെടാതെ 31 റണ്‍സ് എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (20*) മുരളി വിജയ് (9*) എന്നിവരാണ് ക്രീസില്‍.

നൂറാം ടെസ്‌റ്റിന് ഇറങ്ങിയ എബി ഡിവില്ലിയേഴ്‌സിനു (85) മാത്രമെ സന്ദര്‍ശക നിരയില്‍ ഭേദപ്പെട്ട  പ്രകടനം നടത്തന്‍ കഴിഞ്ഞുള്ളു. നാലുവിക്കറ്റ് വീതമെടുത്ത അശ്വിനും ജഡേജയുമാണ് ഒന്നാം ദിവസം തന്നെ ഒന്നാം നമ്പര്‍ ടീമിനെ ഓള്‍ ഔട്ടാക്കിയത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ സ്‌പിന്നര്‍മാര്‍ക്ക് പന്ത് കൈമാറിയ ഇന്ത്യന്‍ നായകന്‍ പിച്ചിന്റെ സ്വഭാവം മുതലെടുക്കുകയായിരുന്നു. ഓപ്പണര്‍ സ്റ്റിയാന്‍ വാന്‍ സിലിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും വിക്കറ്റുകള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പുതന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. വാന്‍ സില്‍ 10ഉം ഡുപ്ലെസി റണ്ണൊന്നുമെടുക്കാതെയും ഹാഷിം അംല 7 റണ്‍സെടുത്തും ഉച്ചഭക്ഷണത്തിന് മുമ്പ് ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. എല്‍ഗര്‍ (38), ഡുമിനി (15), വില്ലാസ് (15), അബോട്ട് (14), റബാഡ (0), മോര്‍ക്കല്‍ (22), ഇമ്രാന്‍ താഹിര്‍ (0) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

രണ്ടു പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. അമിത് മിശ്രയ്ക്ക് പകരം സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവിന് പകരം ഇഷാന്ത് ശര്‍മ്മയും ടീമില്‍ എത്തി. ടീമിലെ ഏക പേസറാണ് ഇഷാന്ത്. പരിക്കേറ്റ മുന്‍നിര ഫാസ്റ് ബൌളര്‍മാരായ ഡെയ്ല്‍ സ്റെയിന്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. കെയ്ല്‍ അബോട്ട്, മോണി മോര്‍ക്കല്‍ എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചു.

വെബ്ദുനിയ വായിക്കുക