Bumrah: ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ ഒന്നാം നമ്പര്‍ ബൗളര്‍, എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബൗളറായി ജസ്പ്രീത് ബുമ്ര
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര, ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടം ഇതോടെ ബുമ്രയുടെ പേരിലായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 91 റണ്‍സ് വിട്ടുകൊടുത്ത് 9 വിക്കറ്റ് നേടാന്‍ ബുമ്രയ്ക്കായിരുന്നു. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഈ പ്രകടനം നിര്‍ണായകമായി.
30കാരനായ ബുമ്ര ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 2024ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ടെസ്റ്റ് ബൗളിംഗ് ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് ബുമ്ര. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,ബിഷന്‍ സിങ് ബേദി എന്നിവരാണ് ഇതിന് മുന്‍പ് ഒന്നാം റാങ്കിലെത്തിയ മറ്റ് ബൗളര്‍മാര്‍. അതേസമയം ഈ നേട്ടത്തിലെത്തുന്ന ആദ്യ പേസറാണ് ബുമ്ര. ഇതിന് മുന്‍പ് ടി20,ഏകദിന റാങ്കിംഗിലും ബുമ്ര ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ബൗളറെന്ന നേട്ടം ബുമ്രയുടെ പേരിലായി.