ബാറ്റര്‍മാര്‍ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല, സ്വന്തം പ്രകടനത്തെ പറ്റി പറയാതെ വിമര്‍ശനവുമായി രോഹിത്

അഭിറാം മനോഹർ

തിങ്കള്‍, 5 ഫെബ്രുവരി 2024 (17:44 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയുടെ ചിറകിലേറി മികച്ച വിജയമാണ് ഇന്ത്യ നേടിയത്. രണ്ടിന്നിങ്ങ്‌സിലുമായി 9 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയാണ് ബുമ്ര കളി അവസാനിപ്പിച്ചത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് പേസറുടെ പ്രകടനമായിരുന്നു.
 
മത്സരശേഷം ഇന്ത്യയ്ക്ക് എവിടെ തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഇതിനിടെയാണ് മത്സരത്തിലെ വിജയശില്പിയായ ബുമ്രയെ താരം പ്രശംസിച്ചത്. പല ബാറ്റര്‍മാര്‍ക്കും നന്നായി തുടങ്ങാനായെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. ബാറ്റിംഗിന് യോജിച്ച വിക്കറ്റുകളാണ് ഒരുക്കിയിരുന്നത്. ചെറുപ്പമാര്‍ന്ന ടീമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ ഇതെല്ലാം തന്നെ ശരിയാകും. ഇംഗ്ലണ്ടിനെ പോലെ ശക്തമായ ടീമിനെതിരെ യുവനിര ഉത്തരവാദിത്വം കാണിച്ചതില്‍ അഭിമാനമുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി മികച്ച ക്രിക്കറ്റാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഈ പരമ്പര എളുപ്പമല്ലെന്ന് അതിനാല്‍ തന്നെ അറിയാമായിരുന്നു. ഇനിയും മൂന്ന് മത്സരങ്ങള്‍ പരമ്പരയില്‍ ബാക്കിയുണ്ട്.
 
ബുമ്രയെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം ഒരു ചാമ്പ്യന്‍ ബൗളറാണ്. ചിന്തിക്കുന്ന ബൗളറാണെന്ന് പറയാം. പിച്ചിലെ സാഹചര്യത്തില്‍ ടെസ്റ്റ് ജയിക്കുക എളുപ്പമല്ലായിരുന്നു. ബുമ്ര എത്രമാത്രം മികച്ച ബൗളറാണെന്ന് ഓരോ മത്സരത്തിലും കാണിച്ചു തന്നു. ബുമ്രയ്ക്ക് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. വലിയ സംഭാവനയാണ് താരം ടീമിന് നല്‍കുന്നത്. വരും മത്സരങ്ങളിലും അത് തുടരുമെന്ന് കരുതുന്നു. രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍