Bumrah: ഇന്ത്യയുടെ മാത്രമല്ല, ബുമ്ര ബൗളർമാരിലെ ഏറ്റവും മികച്ചവരിൽ ഒരാൾ, വേറെ തന്നെ പ്രതിഭയെന്ന് പുകഴ്ത്തി വഖാർ യൂനിസും

അഭിറാം മനോഹർ

ഞായര്‍, 4 ഫെബ്രുവരി 2024 (13:01 IST)
Bumrah
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ഒലി പോപ്പിനെ പുറത്താക്കിയ ബുമ്രയുടെ ബോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. കിടിലന്‍ ഒരു ഇന്‍സ്വിങ്ങര്‍ യോര്‍ക്കറിലൂടെയായിരുന്നു പോപ്പിനെ ബുമ്ര പുറത്താക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പന്തുകളില്‍ ഒന്നായാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവായ വഖാര്‍ യൂനിസ് പോലും ബുമ്രയുടെ പന്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
 
ഫ്‌ളാറ്റ് പിച്ചില്‍ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 15.5 ഓവറില്‍ വെറും 45 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. യോര്‍ക്കറുകളും സ്വിങ്ങും നിറഞ്ഞ ബുമ്രയുടെ സ്‌പെല്ലുകള്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിന് ഒരു വിരുന്നുതന്നെയായിരുന്നു. ഇതിനിടെ ഏറ്റവും കുറവ് പന്തുകളില്‍ നിന്നും 150 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളറെന്ന നേട്ടം ബുമ്ര സ്വന്തമാക്കി. 34മത് മത്സരത്തിലാണ് താരം 150 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. 6,781 പന്തുകളില്‍ നിന്നാണ് ബുമ്രയുടെ നേട്ടം. 7,661 പന്തുകളില്‍ നിന്നും 150 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവാണ് രണ്ടാമത്.
 
അതേസമയം ഒരു ടെസ്റ്റില്‍ എതിര്‍ടീമിന്റെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ആറാമഠെയും ബാറ്റര്‍മാരുടെ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും ബുമ്രയ്ക്കായി. 1983ല്‍ വെസ്റ്റിന്‍ഡീസിനെതിരെ കപില്‍ദേവ് ഇത്തരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ 150 വിക്കറ്റുകളുള്ള ബൗളര്‍മാരുടെ പട്ടികയില്‍ 21ന് താഴെ ബൗളിംഗ് ശരാശരിയുള്ള ഏക ബൗളര്‍ കൂടിയാണ് ബുമ്ര. ഇന്ത്യയുടേത് മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച ബൗളറാണ് ബുമ്രയെന്നതാണ് ഇത് തെളിയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍