ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധം കൂടാതെയാണു കഴിഞ്ഞ കുറെ വർഷങ്ങളായി പാക്കിസ്ഥാൻ ക്രിക്കറ്റ് നിലനിന്നതെന്നും യുഎഇയിൽ ഡിസംബറിൽ നടത്താൻ നിശ്ചയിച്ച പരമ്പരയിൽ നിന്ന് ഇന്ത്യൻ ബോർഡ് മാറിയാലും പാക് ബോർഡിനു പ്രശ്നമല്ലെന്നും പാക്ക് ബോർഡ് തലവൻ ഷഹര്യാർ ഖാൻ വ്യക്തമാക്കി.
രാഷ്ട്രീയവും കായികരംഗവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നു ശക്തമായി ആവശ്യപ്പെട്ട ഖാൻ, ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടന്നില്ലെങ്കിലും പാക്ക് ക്രിക്കറ്റിനു പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നു വ്യക്തമാക്കി. ‘രാഷ്ട്രീയ കാരണങ്ങളാൽ ഞങ്ങളുമായി ക്രിക്കറ്റ് ബന്ധം വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. അതുകൊണ്ടു പാക് ബോർഡ് പാപ്പരാകില്ല. ഞങ്ങൾ നിലനിൽക്കും. ഇന്ത്യ – പാകിസ്ഥാൻ ക്രിക്കറ്റില്ലാതെ ഇത്രയും വർഷം നിലനിൽക്കാൻ ഞങ്ങൾക്കായെങ്കിൽ തുടർന്നുള്ള വർഷങ്ങളിലും അതു സംഭവിക്കും’– ഷഹര്യാർ ഖാൻ വ്യക്തമാക്കി.
2015നും 2023നും ഇടയിൽ ആറു പരമ്പരകളിൽ കളിക്കാൻ ഇന്ത്യൻ ബോർഡും പാകിസ്ഥാൻ ബോർഡും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനാല്‍ ബിസിസിഐക്ക് തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ല. ധാരണ പാലിക്കണമെന്ന് പാകിസ്ഥാന്‍ പലതവണ ഇന്ത്യയ്ക്ക് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും പാകിസ്ഥാന്ം കുറ്റപ്പെടുത്തുന്നു.
ധാരണ പാലിക്കപ്പെടണമെന്നാവശ്യപ്പെട്ടു ഞങ്ങൾ ഇന്ത്യൻ ബോർഡിനു കത്തുനൽകി. അവരുടെ പിന്നാലെ ഓടിനടക്കുകയല്ല ഞങ്ങൾ. നിങ്ങളുടെ ഒപ്പിനെ മാനിക്കണമെന്ന് അവരെ ഓർമപ്പെടുത്തിയെന്നു മാത്രം. കായിക രംഗത്ത് ഏറ്റവും ശ്രദ്ധേയമായ ഇന്ത്യ – പാക്ക് ക്രിക്കറ്റ് രണ്ടു രാജ്യങ്ങളിലെയും കായികപ്രേമികൾക്കു നിഷേധിക്കുന്നതു ശരിയല്ലെന്നും ഖാൻ പറഞ്ഞു.