ഇന്ത്യക്കെതിരായ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് തകര്‍ച്ച. അവസാന വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. മഴമൂലം കളി നിര്‍ത്തിവച്ചിരിക്കുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 316 റണ്‍സിന് ഇന്ത്യ പുറത്താകുകയായിരുന്നു.
മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. രണ്ടാം ഓവറില്‍ ടോം ലഥാം (1) മുഹമ്മദ് ഷമിക്ക് വിക്കറ്റ് നല്‍കി പുറത്തായി. മൂന്നാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും (13) പുറത്തായതോടെ കിവികള്‍ സമ്മര്‍ദ്ദത്തിലായി. ഏഴാം ഓവറില്‍ ഹെന്‌റി നിക്കോളസും (1) കൂടാരം കയറി.
തുടര്‍ന്ന് ക്രീസില്‍ ഒത്തു ചേര്‍ന്ന് റോസ് ടെയ്‌ലറും ലൂക്ക് റോഞ്ചിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് തോന്നിച്ചുവെങ്കിലും 25മത് ഓവറില്‍ റോഞ്ചി (35) രവീന്ദ്ര ജഡേജയ്‌ക്ക് വിക്കറ്റ് നല്‍കി പുറത്താകുകയുമായിരുന്നു. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ കിവികളുടെ പ്രതീക്ഷകളുമായി റോസ് ടെയ്‌ലര്‍ ക്രീസിലുണ്ട്.
239ന് ഏഴ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തിയത് വൃദ്ധിമാന്‍ സാഹയാണ് (54). രവീന്ദ്ര ജഡേജയും(14) ഭുവനേശ്വര്‍ കുമാറും(5) മൊഹമ്മദ് ഷമിയുമാണ്(14) ഇന്ന് പുറത്തായത്.