കോഹ്‌ലിയുടെ വിധി എന്നല്ലാതെ എന്തുപറയാന്‍; ഈഡനില്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഇവരോ ?!

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (16:09 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും തകര്‍ന്നു. 78 ഓവര്‍ അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വൃദ്ധിമാന്‍ സാഹയും (0*), രവിചന്ദ്രന്‍ അശ്വിനുമാണ് (18*) ക്രീസില്‍. ആദ്യ സെഷനിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യയെ രക്ഷിച്ചത് ചേതേശ്വർ പൂജാരയുടെ (87) പ്രകടനമായിരുന്നു.

പരുക്കേറ്റ ലോകേഷ് രാഹുലിന് പകരം ടീമില്‍ ഇടം പിടിച്ച ശിഖര്‍ ധവാന്‍ വീണ്ടും പരാജയമയിരുന്നു. ഗൌതം ഗംഭീറിനെ കരയ്‌ക്കിരുത്താനുള്ള നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം പിഴയ്‌ക്കുന്നതായിരുന്നു ഈഡന്‍ ഗാര്‍ഡനിലും കണ്ടത്. പത്ത് പന്തുകള്‍ നേരിട്ട അദ്ദേഹം ഒരു റണ്‍ മാത്രമാണ് നേടിയത്. സ്കോർ 28ൽ നിൽക്കെ മികച്ച ഫോമില്‍ കളിക്കുന്ന മുരളി വിജയ് (9) പെട്ടെന്ന് പുറത്താകുകയും ചെയ്‌തു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി (9) സ്കോർ 46ൽ എത്തിയപ്പോൾ പരാജയപ്പെട്ടതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 141 റണ്‍സിന്റെ നിര്‍ണായക കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. സ്‌കോര്‍ 187ല്‍ നില്‍ക്കെ വാങ്‌നറുടെ പന്തില്‍ മാര്‍ട്ടിന്‍ ഗു‌പ്‌റ്റില്‍ പിടികൂടി പുജാര പുറത്തായത്. തുടര്‍ന്നെത്തിയെ രോഹിത് ശര്‍മ്മയും (2) വന്നതുപോലെ പുറത്തായതിന് പിന്നാലെ രഹാനെയും (77)യും കൂടാരം കയറിയതോടെ ഇന്ത്യ തകരുകയായിരുന്നു.

ടോസ് നേടിയ കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഈ തീരുമാനവും പിഴയ്‌ക്കുകയായിരുന്നു. ഗംഭീറിനെ പുറത്തിരുത്തി മാസങ്ങളായി മോശം ഫോമില്‍ കളിക്കുന്ന ധവാനെ കളിപ്പിക്കാനുള്ള തീരുമാനവും തിരിച്ചടിയായതോടെ ഈഡനില്‍ കോഹ്‌ലിയുടെ മോശം ദിവസമായിരുന്നു ഇന്ന്.
Next Article