ലെജൻഡ്സ് ലീഗിൽ ഉത്തപ്പയുടെ ബാറ്റിംഗ് വെടിക്കെട്ട്, ഏഷ്യൻ ലയൺസിനെ അടിച്ചൊതുക്കി ഇന്ത്യൻ മഹാരാജാസ്

ബുധന്‍, 15 മാര്‍ച്ച് 2023 (16:41 IST)
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ മഹാരാജാസിന് തകർപ്പൻ വിജയം. ഏഷ്യൻ ലയൺസിനെ 10 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ടൂർണമെൻ്റിലെ ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യയുടെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യൻ ലയൺസ് ഉപുൽ തരംഗയുടെ അർധസെഞ്ചുറിയുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഇന്ത്യൻ ഓപ്പണർമാരായ ഗൗതം ഗംഭീറും റോബിൻ ഉത്തപ്പയും തകർത്തടിച്ചപ്പോൾ അനായാസവിജയമാണ് ടീം സ്വന്തമാക്കിയത്.
 
ഉത്തപ്പ 39 പന്തിൽ നിന്നും 88 റൺസടിച്ചപ്പോൾ ഗംഭീർ 36 പന്തിൽ 61 റൺസടിച്ചു. 11 ഫോറും 5 സിക്സും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്ങ്സ്. ഇതിൽ മുഹമ്മദ് ഹഫീസിനെ ഒരോവറിൽ തുടർച്ചയായി 3 സിക്സുകൾ പറത്തിയതും ഉൾപ്പെടുന്നു. പാക് സൂപ്പർ പേസർ ഷൊയേബ് അക്തർ കളിക്കാനിറങ്ങിയിരുന്നെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. ഇന്ത്യ മഹാരാജാസിന് വേണ്ടി സുരേഷ് റെയ്ന രണ്ടും പ്രവീൻ താംബെ, റോജർ ബിന്നി എന്നിവർ ഓരോ വിക്കറ്റും എടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍