IND vs ENG 3rd test: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ആരംഭിക്കുക 5-0 എന്ന നിലയില്‍; പണിയായത് അശ്വിന്‍ പിച്ചിന്റെ മധ്യത്തിലൂടെ ഓടിയത് !

രേണുക വേണു

വെള്ളി, 16 ഫെബ്രുവരി 2024 (13:13 IST)
IND vs ENG

IND vs ENG 3rd Test: രാജ്‌കോട്ട് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് പിഴ. രവിചന്ദ്രന്‍ അശ്വിന്‍ പിച്ചിന്റെ മധ്യത്തിലൂടെ ഓടിയതാണ് പിഴയ്ക്ക് കാരണം. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിങ്‌സ് തുടങ്ങുക 5-0 എന്ന നിലയിലാണ്. ഏതെങ്കിലും ടീമിലെ താരം പിച്ചിന്റെ മധ്യത്തിലൂടെ ഓടിയാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് അനുവദിക്കാന്‍ നിയമമുണ്ട്. 
 
രാജ്‌കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യന്‍ ഇന്നിങ്‌സിലെ 102-ാം ഓവറിലാണ് സംഭവം. ബാറ്റ് ചെയ്യുകയായിരുന്ന അശ്വിന്‍ പിച്ചിന്റെ മധ്യ ഭാഗത്തിലൂടെ ഓടുകയും അംപയര്‍ ജോയേല്‍ വില്‍സണുമായി തര്‍ക്കിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് അനുവദിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ രണ്ടാം തവണയാണ് ഇന്ത്യ സമാന പിഴവ് ആവര്‍ത്തിക്കുന്നത്. 
 
ഒന്നാം ദിനമായ ഇന്നലെ രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യുന്നതിനിടെ പിച്ചിന്റെ മധ്യത്തിലൂടെ ഓടിയിരുന്നു. അപ്പോള്‍ ഇന്ത്യക്ക് ആദ്യ താക്കീത് നല്‍കിയതാണ്. രണ്ടാം ദിനം രവിചന്ദ്രന്‍ അശ്വിന്‍ ഇതേ പിഴവ് ആവര്‍ത്തിച്ചതോടെ ഇന്ത്യക്ക് തിരിച്ചടിയായി. എംസിസി നിയമ പ്രകാരം 41.14.1 സെക്ഷനിലാണ് പിച്ചിന്റെ മധ്യ ഭാഗത്തു കൂടി ഓടുന്നത് നിയമപരമല്ല എന്ന് പരാമര്‍ശിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍