ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തി ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. വില്യംസണിന്റെ സെഞ്ചുറി പ്രകടനത്തിന്റെ കരുത്തീല്‍ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആധികാരികമായ വിജയമാണ് ന്യൂസിലന്‍ഡ് നേടീയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 269 റണ്‍സ് വിജയലക്ഷ്യം വെറും 3 വിക്കറ്റ് നഷത്തിലാണ് ന്യൂസിലന്‍ഡ് മറികടന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ 32മത് സെഞ്ചുറിയാണ് വില്യംസണ്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഏഴാമത് ടെസ്റ്റിലാണ് വില്യംസണ്‍ സെഞ്ചുറി നേടുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ 260 പന്തില്‍ 12 ഫോറും 2 സിക്‌സും സഹിതം പുറത്താകാതെ 133 റണ്‍സാണ് താരം നേടിയത്. ഇതോടെ 32 സെഞ്ചുറിയുമായി ഓസീസ് താരം സ്റ്റീവ് സ്മിത്തിനൊപ്പമെത്താന്‍ താരത്തിനായി. 98 ടെസ്റ്റ് മത്സരങ്ങളിലായി 172 ഇന്നിങ്ങ്‌സില്‍ നിന്നുമാണ് വില്യംസണിന്റെ നേട്ടം.
174 ഇന്നിങ്ങ്‌സുകളില്‍ നിന്നും 32 സെഞ്ചുറി നേട്ടം കുറിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ നേട്ടം ഇതോടെ പഴം കഥയായി. 176 ഇന്നിങ്ങ്‌സില്‍ നിന്നും 32 സെഞ്ചുറി കുറിച്ച ഓസീസ് താരം റിക്കി പോണ്ടിംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള താരമെന്ന നേട്ടവും മത്സരത്തില്‍ വില്യംസണ്‍ സ്വന്തമാക്കി. നാലാം ഇന്നിങ്ങ്‌സില്‍ വില്യംസണ്‍ നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. കഴിഞ്ഞ 12 ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ നിന്ന് മാത്രം 7 സെഞ്ചുറിയാണ് വില്യംസണ്‍ കുറിച്ചത്. നിലവില്‍ ടെസ്റ്റിലെ ഒന്നാം നമ്പര്‍ സ്ഥാനവും വില്യംസണ് സ്വന്തമാണ്.