ബാറ്റിങ്ങിന് വരുന്ന റോബിന്‍സണെ ഇന്ത്യന്‍ താരങ്ങള്‍ തടഞ്ഞു; ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ കടുത്ത ശത്രുതയില്ലെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 19 ഓഗസ്റ്റ് 2021 (10:22 IST)
കളിക്കളത്തിനു പുറത്തും ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. കളിക്കളത്തിലെ വീറും വാശിയും പവിലിയനിലേക്കും എത്തിയെന്നാണ് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഒലി റോബിന്‍സണിനെ ഇന്ത്യന്‍ താരങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഒലി റോബിന്‍സണ്‍ പവിലിയനില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു. ഗ്രൗണ്ടിലേക്ക് എത്താന്‍ ഏതാനും സ്റ്റെപ്പുകള്‍ ഇറങ്ങണം. ഈ സമയത്ത് ഇന്ത്യയുടെ ബഞ്ച് താരങ്ങള്‍ ഈ സ്റ്റെപ്പുകളില്‍ കയറിയിരിന്നു. ഇന്ത്യന്‍ താരങ്ങള്‍ സ്റ്റെപ്പില്‍ തടസം സൃഷ്ടിച്ചതിനാല്‍ റോബിന്‍സണ് പെട്ടന്ന് ഇറങ്ങാന്‍ സാധിച്ചില്ല. ഏതാനും സെക്കന്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത് ആവര്‍ത്തിച്ചു. പിന്നീട് റോബിന്‍സണും ഇന്ത്യന്‍ താരങ്ങളും പരസ്പരം എന്തോ സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമേഷ് യാദവ്, ഹനുമ വിഹാരി, രവിചന്ദ്രന്‍ അശ്വിന്‍, മായങ്ക് അഗര്‍വാള്‍, അക്ഷര്‍ പട്ടേല്‍, അഭിമന്യു ഈശ്വരന്‍, വൃദ്ധിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരായിരുന്നു ഇന്ത്യയുടെ സൈഡ് ബഞ്ച് താരങ്ങള്‍. ഇവരില്‍ ചിലരാണ് റോബിന്‍സണിനെതിരെ 'വഴിതടയല്‍ സമരം' നടത്തിയത്. 

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സ്ലെഡ്ജിങ്ങുകള്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നല്‍കിയ മറുപടികള്‍ ചുട്ടുപൊള്ളുന്നതായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ലോര്‍ഡ്‌സില്‍ ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് സ്റ്റംപ് മൈക്കുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കോലിയുടെ സ്ലെഡ്ജിങ് പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്. ഇതില്‍ തന്നെ ഇംഗ്ലണ്ട് താരം ഒലി റോബിന്‍സണിനെതിരെ കോലി നടത്തിയ സ്ലെഡ്ജിങ് വലിയ ചര്‍ച്ചയായി. 

ബാറ്റ് ചെയ്യാന്‍ റോബിന്‍സണ്‍ വരുന്നത് കണ്ടപ്പോള്‍ തന്നെ കോലി സ്ലെഡ്ജിങ് തുടങ്ങി. ഫീല്‍ഡില്‍ തന്റെ അടുത്തുനില്‍ക്കുകയായിരുന്ന ചേതേശ്വര്‍ പൂജാരയോട് റോബിന്‍സണിനെ ചൂണ്ടിക്കാട്ടി കോലി സംസാരിച്ചു. ഞാനൊരു കവര്‍ ഡ്രൈവ് നഷ്ടപ്പെടുത്തിയപ്പോള്‍ ചിരിച്ച ആളാണ് ബാറ്റ് ചെയ്യാനെത്തുന്നത് എന്ന് പറഞ്ഞാണ് കോലി റോബിന്‍സണിനെ പൂജാരയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. 'സ്വന്തം നാട്ടില്‍ മത്സരം തോല്‍ക്കാതിരിക്കാന്‍ ബാറ്റ് ചെയ്യാനാണ് അവന്‍ എത്തുന്നത്. അയാളുടെ ഇന്നിങ്‌സ് ഈ ടെസ്റ്റ് മാച്ചില്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയാമോ? വലിയ വായില്‍ സംസാരിക്കുന്നവനേ, കളിച്ച് കാണിക്കൂ...' എന്നായിരുന്നു റോബിന്‍സണിനെ നോക്കി കോലി പറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍