ഇന്ത്യ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, ഡിക്ലയര്‍ ചെയ്തത് ജയം ഉറപ്പിച്ച് തന്നെ; അടുത്ത 60 ഓവര്‍ ഇംഗ്ലണ്ടിന് നരകതുല്യമായി തോന്നണമെന്ന് വിരാട് കോലിയുടെ ഉപദേശം (വീഡിയോ)

ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:12 IST)
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം രണ്ടുംകല്‍പ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്. വാലറ്റത്ത് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെയെല്ലാം ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ചുപായിച്ചു. എന്നാല്‍, അതൊരു തുടക്കം മാത്രമായിരുന്നു.

രണ്ടാം ഇന്നിങ്‌സ് 298/8 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമെന്ന് അധികം ആരും പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍, ലോര്‍ഡ്‌സില്‍ ജയം വേണമെന്ന വാശി നായകന്‍ വിരാട് കോലിക്കുണ്ടായിരുന്നു. 271 റണ്‍സിന്റെ വിജയലക്ഷ്യം വച്ചുനീട്ടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായിരുന്നു നായകന്‍ കോലി. 
അവസാന ദിനം ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നത് 60 ഓവര്‍. മത്സരം സമനിലയാകുമെന്ന് തോന്നിയ സമയം. എന്നാല്‍, ഇന്ത്യ രണ്ടും കല്‍പ്പിച്ചായിരുന്നു. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് കോലി ടീം അംഗങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നമ്മള്‍ എറിയാന്‍ പോകുന്ന 60 ഓവര്‍ നരകതുല്യമായി ഇംഗ്ലണ്ടിന് തോന്നണമെന്നാണ് പേസര്‍മാര്‍ക്കും മറ്റ് ടീം അംഗങ്ങള്‍ക്കും കോലി നല്‍കിയ ഉപദേശം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ എങ്ങനെയെല്ലാം പ്രതിരോധത്തിലാക്കാമോ അതെല്ലാം ചെയ്യണമെന്നും കോലി ഉപദേശിച്ചു. ഇന്ത്യന്‍ പേസ് നിര നായകന്റെ വാക്കുകളെ അക്ഷരംപ്രതി അനുസരിച്ചു. 51.5 ഓവറില്‍ 120 റണ്‍സ് ആകുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ പത്ത് ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി. ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍