ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക വിജയമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ തട്ടിയെടുത്ത് നാടകീയമായ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം നാടകീയമായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടീം താരങ്ങള്‍ ലോര്‍ഡ്‌സില്‍ വാശിയോടെ ഏറ്റുമുട്ടി. താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തു. സ്ലെഡ്ജിങ്ങിന്റെ അയ്യരുകളിയായിരുന്നു ലോര്‍ഡ്‌സില്‍ അവസാനദിനം കണ്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടിമുടി ചൂടിലായിരുന്നു. ഇംഗ്ലണ്ട് താരങ്ങളുടെ വായടിപ്പിക്കുന്ന മറുപടികളായിരുന്നു ഇന്ത്യന്‍ നായകന്‍ നല്‍കിയത്.
കോലിയുടെ കൈയില്‍ ഒരു ഹാന്‍ഡ് ചെയിന്‍ ഉണ്ടായിരുന്നു. ആ ചെയിന്‍ ഇടയ്ക്കിടെ വലത് കൈയില്‍ നിന്ന് ഇടത് കൈയിലേക്കും ഇടത് കൈയില്‍ നിന്ന് വലത് കൈയിലേക്കും മാറ്റി കളിക്കുകയായിരുന്നു കോലി. അതിനിടയിലാണ് ടീമിലെ കുഞ്ഞനും അല്‍പ്പം വികൃതിക്കാരനുമായ പന്തിന്റെ അടുത്ത് കോലിയുടെ കുസൃതി. തന്റെ കൈയിലുള്ള ഹാന്‍ഡ് ചെയിന്‍ റിഷഭ് പന്തിന്റെ ചെവിയില്‍ തൂക്കുകയായിരുന്നു കോലി. അനുസരണയുള്ള കുട്ടിയെ പോലെ നായകന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു റിഷഭ് പന്ത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നു.