കോഹ്‌ലി തുറന്നു പറഞ്ഞു, തീരുമാനങ്ങള്‍ എടുക്കുന്നത് ഞാനല്ല - ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആ നായകന്‍ ആരെന്ന് അറിയാമോ ?

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (13:57 IST)
പരിമിത ഓവർ ക്രിക്കറ്റിൽ തന്ത്രങ്ങള്‍ പഠിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നാണെന്ന് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി. നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള ധോണിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനാണ് ആഗ്രഹം. നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹത്തില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതെന്നും വിരാട് വ്യക്തമാക്കി.

ടെസ്‌റ്റ് മത്സരങ്ങളില്‍ കൈകാര്യം ചെയ്യുന്നതില്‍ ധാരണ ലഭിച്ചു കഴിഞ്ഞുവെങ്കിലും വേഗത ആവശ്യമുള്ള ഏകദിന, ട്വന്റി20 ഫോർമാറ്റുകളില്‍ അനുഭവസമ്പത്തില്ല. മൂന്ന് ഫോര്‍മാറ്റുകളിലും വ്യത്യസ്‌തമായ തന്ത്രം ആവശ്യമാണ്. ഇതിന് സഹായം നല്‍കുന്നത് ധോണിയാണ്. ഇക്കാര്യത്തില്‍ പേസര്‍ ആശിഷ് നെഹ്‌റയും സഹായിക്കാറുണ്ടെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു.

മൂന്നാം ട്വന്റി 20യില്‍ യുസ്‌വേന്ദ്ര ചാഹല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ഓവറുകള്‍ തീര്‍ന്നതിനാല്‍ ഹാർദിക് പാണ്ഡ്യയ്‌ക്ക് അടുത്ത ഓവറുകള്‍ നല്‍കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍,  ജസ്പ്രീത് ബുമ്രയ്‌ക്ക് പന്ത് നല്‍കാന്‍ ധോണിയും നെഹ്‌റയും നിര്‍ദേശിക്കുകയായിരുന്നു. പ്രധാന ബോളറെ വീണ്ടും പന്തേൽപ്പിക്കാൻ 19–മത് ഓവർ വരെ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ഇരുവരുന്‍ പറഞ്ഞതെന്നും കോഹ്‌ലി വ്യക്തമാക്കി.

ബുമ്രയുടെ ഓവര്‍ അവസാനിച്ചതോടെ ധോണിയുടെ തീരുമാനം ശരിയായിരുന്നു എന്നു വ്യക്തമായി. ആ ഓവറിൽ മൂന്നു പന്തുകൾക്കിടെ രണ്ടു വിക്കറുകൾ പിഴുത് ബുമ്ര അതിവേഗം തന്നെ കളി തീര്‍ക്കുകയും ചെയ്‌തു. നിരവധി യുവതാരങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട്. ടെസ്‌റ്റ് ഏകദിന മത്സരങ്ങള്‍ സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 മത്സരവും സ്വന്തമാക്കിയത് അഭിമാനിക്കാവുന്ന
നേട്ടമാണെന്നും കോഹ്‌ലി പറഞ്ഞു.
Next Article