എല്ലാവരും ഐപിഎല്ലിലെ പറ്റി സംസാരിക്കുന്നു, പക്ഷേ ഇന്ത്യയ്ക്ക് ആകെയുള്ള ലോകകപ്പ് ഐപിഎല്ലിനും മുൻപേ നേടിയത്

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (18:27 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ശക്തമാണെന്ന അഭിപ്രായവുമായി ഇംഗ്ലണ്ട് മുന്‍ താരങ്ങള്‍. സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന്റെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ലോകകപ്പെടുക്കാന്‍ സാധ്യതയുള്ളതില്‍ ഏറ്റവും മുന്നിലുള്ള ടീം ഇന്ത്യയാണെന്ന് മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ അതേര്‍ട്ടണ്‍, ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ നിര ഇന്ത്യയുടേതെന്നാണ് മോര്‍ഗന്റെ അഭിപ്രായം. 15 അംഗ ടീമിന് പുറത്തുള്ള താരങ്ങളെ കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നിലവാരം അത്ഭുതപ്പെടുത്തുന്നതാണെന്ന് മോര്‍ഗന്‍ പറയുന്നു.
 
എന്റെ ഫേവറേറ്റ്‌സ് ഇന്ത്യയാണ്. പേപ്പറില്‍ ഇന്ത്യന്‍ ടീമിന്റെ നിലവാരമെന്നത് വളരെ വലുതാണ്. പേപ്പറിലെ വലിപ്പം മൈതാനത്തും കാണിക്കാനായാല്‍ ഒരു ടീമിനും തന്നെ ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല. മോര്‍ഗന്‍ പറഞ്ഞു. അതേസമയം 2007ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് ടി20 ഫോര്‍മാറ്റില്‍ വിജയികളാകാന്‍ സാധിച്ചില്ല എന്നത് അത്ഭുതകരമാണെന്ന് മുന്‍ ഇംഗ്ലണ്ട് താരമായ മൈക്കല്‍ അതേര്‍ട്ടണ്‍ പറഞ്ഞു. എല്ലാവരും ഇന്ത്യയുടെ ഐപിഎല്ലിനെ പറ്റി സംസാരിക്കുന്നു. ഇന്ത്യയില്‍ മികച്ച ടി20 താരങ്ങളും ഒട്ടേറെയുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കുള്ള ഏക ലോകകപ്പ് കിരീടം ഐപിഎല്‍ സംഭവിക്കുന്നതിലും മുന്‍പ് ലഭിച്ചതാണ്. അതേര്‍ട്ടണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍