ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വെറും 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തിലെ വിജയികള്‍ ആയിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. തിലക് വര്‍മ 26 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 55 റണ്‍സ് നേടി. ബൗളിങ്ങിലും തിലക് വര്‍മ തിളങ്ങി. തിലക് വര്‍മ രണ്ട് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഋതുരാജ് ഗെയ്ക്വാദ് 26 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി സായ് കിഷോര്‍ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം.