ദ്രാവിഡ് സ്ഥാനമൊഴിഞ്ഞാൽ പിന്നെയാര്? പരിഗണനയിൽ നെഹ്റയും ഗംഭീറുമടക്കമുള്ള താരങ്ങൾ

Webdunia
വ്യാഴം, 15 ജൂണ്‍ 2023 (19:07 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 209 റണ്‍സിന്റെ ദയനീയമായ പരാജയം നേരിട്ടതോടെ കനത്ത വിമര്‍ശനമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായ രോഹിത് ശര്‍മയ്ക്കും പരിശീലകനായ രാഹുല്‍ ദ്രാവിഡിനെതിരെയും ഉയരുന്നത്. നാല് മാസത്തിനപ്പുറം നടക്കുന്ന ഏകദിന ലോകകപ്പിലും ടീം പരാജയമാകുകയാണെങ്കില്‍ ദ്രാവിഡിന്റെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ആരായിരിക്കും ഇന്ത്യയുടെ പരിശീലകനായി എത്തുക എന്ന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
 
നിലവില്‍ 2023ലെ ഏകദിന ലോകകപ്പ് വരെയാണ് രാഹുല്‍ ദ്രാവിഡിന് ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് ബിസിസിഐയുമായി കരാറുള്ളത്. ലോകകപ്പ് വരെ ദ്രാവിഡിനെ ഇന്ത്യ നിലനിര്‍ത്തിയേക്കാമെങ്കിലും ലോകകപ്പ് കഴിയുന്നതോടെ പുതിയ പരിശീലകനെ തേടേണ്ടതായി വരും.ഇതിനായി അഞ്ച് പേരെയാണ് ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റയ്ക്കാണ് ഇതില്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കുന്നത്. കഴിഞ്ഞ 2 ഐപിഎല്‍ സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായ നെഹ്‌റ ഗുജറാത്തിനെ 2 തവണ ഐപിഎല്‍ ഫൈനലിലേക്കെത്തിച്ചിരുന്നു. ഇതില്‍ ഒരു തവണ കപ്പ് നേടാനും ഗുജറാത്തിനായി.
 
അതേസമയം ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായ മുന്‍ ന്യൂസിലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ബിസിസിഐ റഡാറിലുള്ള രണ്ടാമത്തെ താരം. ഡല്‍ഹി ടീമിന്റെ പരിശീലകനായ റിക്കി പോണ്ടിങ്ങിന്റെ പേരും സജീവ പരിഗണനയിലാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ വിജയികളാക്കിയതും 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലിലെത്തിച്ചതും പോണ്ടിംഗിന്റെ നേട്ടങ്ങളാണ്. അതേസമയം മുന്‍ ഓസീസ് പരിശീലകന്‍ കൂടിയായ ജസ്റ്റിന്‍ ലാംഗറുടെ പേരും സജീവ പരിഗണനയിലാണ്. ഐപിഎല്ലില്‍ ലഖ്‌നൗ പരിശീലകനായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് ബിസിസിഐയുടെ പരിഗണനയിലുള്ള മറ്റൊരു താരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article