വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയേയും യുവതാരം ഋഷഭ് പന്തിനെയും കളിപ്പിക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരവും മുൻ ചീഫ് സിലക്ടറുമായ ദിലീപ് വെങ്സർക്കാർ രംഗത്ത്.
ഒരു ബാറ്റ്‌സ്‌മാനെ ഉള്‍പ്പെടുത്തേണ്ടതിനു പകരമായി എന്തിനാണ് ഒരേ സമയം രണ്ടു വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്തുന്നത്. രണ്ട് വിക്കറ്റ് കീപ്പർമാര്‍ കളിക്കുന്നത് ശരിയായ രീതിയല്ല. കഴിഞ്ഞ കളിയിലെ തോല്‍വിക്ക് കാരണം ഇതാണ്. അവസാന 11 കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ ടീം മാനേജ്മെന്റ് തുടർച്ചയായി പിഴവു വരുത്തുകയാണെന്നും വെങ്സർക്കാർ അഭിപ്രായപ്പെട്ടു.
ധോണിയെ ആണോ പന്തിനെയാണോ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കണം. ബാറ്റിംഗില്‍ പന്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോള്‍ ധോണി പിഴവ് വരുത്തുന്നു. എന്നാല്‍ ധോണിയുടെ വിക്കറ്റ് കീപ്പിംഗ് മികവിന്റെ അടുത്തെത്താന്‍ പോലും പന്തിനു കഴിയുന്നില്ലെന്നും വെങ്സർക്കാർ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ രണ്ടു പേരില്‍ ആരെ കളിപ്പിക്കണമെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കണം. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇപ്പോള്‍ കളിക്കാത്തതും ആഭ്യന്തര ക്രിക്കറ്റിൽനിന്നും വിട്ടു നില്‍ക്കുന്നതുമാണ് ധോണിയുടെ ഫോം മങ്ങിയതിന് കാരണം. എല്ലാ താരങ്ങള്‍ക്കും ഇതു പോലൊരു സന്ദര്‍ഭം ഉണ്ടായിട്ടുണ്ടെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
മോശം പ്രകടനം ധോണിക്ക് കനത്ത വെല്ലുവിളി ആയ സാഹചര്യത്തിലാണ് വെങ്സർക്കാർ രംഗത്തു വന്നിരിക്കുന്നത്. റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കിലും യുവതാരം എന്ന നിലയില്‍ അവസരം നല്‍കി പന്തിനെ വളര്‍ത്തിക്കൊണ്ടു വരാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.