അവൻ മാനസികമായി തളർന്നു, ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കളിപ്പിക്കരുത്, വിശ്രമം നൽകണമെന്ന് ശ്രീകാന്ത്

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (20:45 IST)
ഐപിഎല്‍ 2025 സീസണില്‍ പ്ലേ ഓഫ് കാണാതെ ലഖ്‌നൗ പുറത്തായ സാഹചര്യത്തില്‍ നായകന്‍ റിഷഭ് പന്തിന് ശേഷിക്കുന്ന മത്സരങ്ങളില്‍ വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. റിഷഭ് പന്ത് മാനസികമായി തളര്‍ന്ന നിലയിലാണെന്നും ഒരു വിശ്രമം താരത്തിന് അത്യാവശ്യമാണെന്നും ശ്രീകാന്ത് പറയുന്നു. താരലേലത്തില്‍ 27 കോടിയ്ക്ക് ടീമിലെത്തിച്ച റിഷഭ് പന്തിന് നായകനായും ബാറ്ററായും തിളങ്ങാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ പ്രതികരണം.
 
തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് പന്ത് മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് ശ്രീകാന്ത് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ മത്സരങ്ങളില്‍ നിന്നും കുറച്ച് കാലം മാറിയിരിക്കുകയാണ് വേണ്ടത്. എല്‍എസ്ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ സ്ഥിതിക്ക് ഇനി പന്തിനെ തുടര്‍ച്ചയായി കളിപ്പിക്കുന്നതില്‍ അര്‍ഥമില്ല. ഒരു വ്യക്തതയുമില്ലാതെ പകുതി മനസിലാണ് അവന്‍ ഷോട്ടുകള്‍ കളിക്കുന്നത്. ഓരോ കളിയിലും പുതിയതായി എങ്ങനെ പുറത്താകാമെന്ന് നോക്കുന്നത് പോലെ, ഞാന്‍ കളിച്ചിരുന്ന കാലത്ത് പുറത്താകാന്‍ ഞാന്‍ പുതിയ വഴികള്‍ കണ്ടെത്തിയിരുന്നു. എന്നെക്കാള്‍ മോശമായാണ് പന്ത് അത് ചെയ്യുന്നത്. ശ്രീകാന്ത് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍