ബുംറയെ പരിഗണിക്കുന്നില്ല; ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് ഗില്ലോ പന്തോ?

രേണുക വേണു

ചൊവ്വ, 20 മെയ് 2025 (19:24 IST)
Shubman Gill

രോഹിത് ശര്‍മ വിരമിച്ചതോടെ ഒഴിവുവന്ന ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് രണ്ട് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സെലക്ടര്‍മാര്‍. യുവതാരം ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് എന്നിവരാണ് ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രണ്ട് പേര്‍. 
 
സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐ നേതൃത്വവും ഉടന്‍ കൂടിക്കാഴ്ച നടത്തി പുതിയ നായകനെ തീരുമാനിക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മികച്ച രീതിയില്‍ നയിക്കുന്നത് കൂടി പരിഗണിച്ച് ശുഭ്മാന്‍ ഗില്ലിനു ടെസ്റ്റ് നായകസ്ഥാനം നല്‍കാന്‍ സാധ്യത കൂടുതലാണ്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ പിന്തുണയും ഗില്ലിനാണ്. ഗില്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യക്കുറവ് അറിയിച്ചാല്‍ മാത്രം റിഷഭ് പന്തിനു അവസരം ലഭിക്കും. 
 
അതേസമയം രോഹിത് നായകനായിരുന്നപ്പോള്‍ ഉപനായകസ്ഥാനം വഹിച്ച ജസ്പ്രിത് ബുംറയെ ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നില്ല. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചു. ഫിറ്റ്നെസ് പ്രശ്നങ്ങള്‍ സ്ഥിരമായുള്ളതിനാല്‍ ബുംറയ്ക്ക് എല്ലാ ടെസ്റ്റ് മത്സരങ്ങളിലും കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ ബുംറയെ സ്ഥിരം നായകനാക്കുന്നത് ഉചിതമല്ലെന്നാണ് സെലക്ടര്‍മാരുടെയും വിലയിരുത്തല്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനൊപ്പം പുതിയ ടെസ്റ്റ് നായകനെയും പ്രഖ്യാപിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍