സായ് സുദർശൻ, ഗിൽ, ജയ്സ്വാൾ ഐപിഎൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം, അദ്യ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യക്കാർ

അഭിറാം മനോഹർ

തിങ്കള്‍, 19 മെയ് 2025 (20:55 IST)
Sudharsan, Gill and Jaiswal Lead Orange Cap Charge
ടി20 ക്രിക്കറ്റിലെ ഏറ്റവും ശക്തമായ നിരയാണ് ഇന്ത്യയുടേത്. സമീപകാലത്തായി കുട്ടിക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ക്ക് ഏറ്റവും വലിയ കൈതാങ്ങായത് ഐപിഎല്‍ തന്നെയായിരുന്നു. സഞ്ജു സാംസണില്‍ നിന്ന് തുടങ്ങി റിങ്കു സിംഗിലും റിയാന്‍ പരാഗിലുമെല്ലാമായി എത്തിനില്‍ക്കുന്ന ഇന്ത്യയുടെ ടി20 താരങ്ങളെല്ലാം വന്നത് ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളോട് കൂടിയാണ്. ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇതില്‍ 2 താരങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍മാര്‍ കൂടിയാണ്.
 
 12 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ചുറിയടക്കം 617 റണ്‍സുമായി ഗുജറാത്തിന്റെ ഓപ്പണിംഗ് താരം സായ് സുദര്‍ശനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 ഇന്നിംഗ്‌സുകളില്‍ 601 റണ്‍സുമായി സഹതാരവും ഗുജറാത്ത് നായകനുമായ ശുഭ്മാന്‍ ഗില്ലാണ് സായ് സുദര്‍ശന് തൊട്ടുപിന്നിലുള്ളത്. പ്ലേ ഓഫിലെത്താനായില്ലെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനങ്ങളുമായി യശ്വസി ജയ്‌സ്വാള്‍ ലിസ്റ്റില്‍ മൂന്നാമതാണ്. 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 523 റണ്‍സാണ് താരം ഇതിനകം നേടിയിട്ടുള്ളത്. 12 ഇന്നിങ്ങ്‌സുകളില്‍ നിന്നും 510 റണ്‍സുമായി മുംബൈ താരം സൂര്യകുമാര്‍ യാദവും 11 ഇന്നിങ്ങ്‌സുകളില്‍ നിന്നും 505 റണ്‍സുമായി ആര്‍സിബിയുടെ വിരാട് കോലിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 
 
ടൂര്‍ണമെന്റില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 11 മത്സരങ്ങളില്‍ നിന്നും 410 റണ്‍സുമായി ലഖ്‌നൗ താരം നിക്കോളാസ് പുറാന്‍ നിലവില്‍ പത്താം സ്ഥാനത്താണ്.435 റണ്‍സുമായി പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഒന്‍പതാം സ്ഥാനത്തും 458 റണ്‍സുമായി പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ എട്ടാം സ്ഥാനത്തുമാണ്. 493 റണ്‍സുമായി കെ എല്‍ രാഹുല്‍, 500 റണ്‍സുമായി ജോസ് ബട്ട്ലര്‍ എന്നിവരാണ് ലിസ്റ്റില്‍ ഏഴും ആറും സ്ഥാനങ്ങളിലുള്ളത്. ഇതോടെ ടോപ് 10ല്‍ 8 പേരും ഇന്ത്യന്‍ താരങ്ങളാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍