പൂജാരയുടെ ഈ വന്‍‌മതില്‍ ഓസ്‌ട്രേലിയ്‌ക്കുള്ള കെണിയാണ്; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ!

വ്യാഴം, 3 ജനുവരി 2019 (15:11 IST)
ചേതേശ്വര്‍ പൂജാരയെന്ന വന്‍‌മതിലിന്റെ കരുത്തില്‍ സിഡ്‌നിയിലെ ആദ്യദിനം ഇന്ത്യ ഭദ്രമാക്കി. വിരാട് കോഹ്‌ലിയുടേതടക്കമുള്ള വിലപ്പെട്ട നാല് വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും 303 എന്ന സ്‌കോര്‍ സന്തോഷം പകരുന്നതാണ്.

2-1ന് മുന്നിലുള്ള ഇന്ത്യക്ക് സിഡ്‌നിയില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ആ ഒരു ചരിത്രനിമിഷമാകും കോഹ്‌ലിയും സംഘവും സ്വപ്‌നം കാണുന്നത്. അതിനായി നാല് ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. സിഡ്‌നിയിലെ പിച്ച് പേസിനെ തുണയ്‌ക്കുന്നുണ്ടെങ്കിലും ആദ്യ ദിവസങ്ങളില്‍ സ്‌പിന്നിനെ കൈവിടും. ഇതാണ് ഇന്ത്യക്ക് നേട്ടമാകുക.

രണ്ടാം ദിനം 450ന് മുകളിലുള്ള സ്‌കോര്‍ സ്വന്തമാക്കുകയാ‍കും ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ ക്രീസിലുള്ള ഹനുമ വിഹാരി - പൂജാര സഖ്യം ആദ്യ സെഷന്‍ മുഴവന്‍ ക്രീസിലുണ്ടാകണം. ഈ കൂട്ടുക്കെട്ട് പൊളിഞ്ഞാല്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഋഷഭ് പന്തിനാകും സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല. പന്തോ വിഹാരിയോ മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കും.  

സിഡ്‌നിയിലെ ഒന്നാം ദിവസം ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ നഥേണ്‍ ലിയോണിനു കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. രണ്ടാം ദിവസം ലിയോണ്‍ അപകടകാരിയാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മൂന്നാം ദിവസം മുതല്‍ പിച്ച് സ്‌പിന്നിനെ സഹായിക്കും. ഇതോടെ രവീന്ദ്ര ജഡേജയ്‌ക്കും കുല്‍‌ദീപ് യാദവിനും പണിയേറെ ഉണ്ടാകും. പരമ്പരാഗതമായി സ്പിൻ ക്രിക്കറ്റർമാരുടെ ഇഷ്ടഭൂമിയായ സിഡ്നിയിൽ ജസ്പ്രീത് ബുമ്ര – മുഹമ്മദ് ഷമി സഖ്യത്തേക്കാള്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നത് സ്‌പിന്നര്‍മാര്‍ക്കാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍