കൊവിഡ് 19: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനപരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ

അഭിറാം മനോഹർ
വെള്ളി, 13 മാര്‍ച്ച് 2020 (09:05 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനപരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. കൊവിഡ് 19 ബാധ രാജ്യമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.മാര്‍ച്ച് 15ന് ലക്നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് മത്സരങ്ങളാണ് ഇത്തരത്തിൽ നടത്തുന്നത്. നേരത്തെ ധർമശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.
 
കൊവിഡ് 19നെ തുടർന്ന് ഐപിഎല്‍ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് നിർദേശിച്ചിരുന്നു.ഐപിഎല്ലിന്റെ കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന ഭരണസമിതി യോഗത്തിൽ തീരുമാനമുണ്ടാകും.ഏപ്രില്‍ 15വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിൽ ഐപിഎൽ ആദ്യഘട്ടത്തിൽ വിദേശതാരങ്ങളുടെ പങ്കാളിത്തവും ആശങ്കയിലാണ്.
 
നേരത്തെ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ നടത്താൻ തയ്യാറാണെങ്കിൽ മാത്രം മത്സരങ്ങൾക്ക് അനുമതി നൽകാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കാണമെന്ന് കര്‍ണാടക സര്‍ക്കാരും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ എതിർപ്പുമായി വരാൻ സാധ്യതയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article