കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം മുന്‍ താരങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ മഹിക്ക് ശക്തമായ പിന്തുണയുമായി ആശിഷ് നെഹ്‌റ രംഗത്ത്. എല്ലാ വീടിനും ഒരു മുതിര്‍ന്ന ചേട്ടന്‍ ആവശ്യമാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അദ്ദേഹം അവരുടെ വല്ല്യേട്ടനാണ്. എന്റെ അഭിപ്രായത്തില്‍ 2020ലെ ട്വന്റി-20 ലോകകപ്പ് വരെ ധോണി കളിക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും നെഹ്‌റ വ്യക്തമാക്കി.
ടീമില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന താരമല്ല ധോണി. തന്റെ കളി മോശമാണെന്ന് തോന്നിയാല്‍ അദ്ദേഹം സ്വയം കളി മതിയാക്കും. മഹിക്കെതിരെ വിമര്‍ശനം ഉന്നയിക്കാതെ അദ്ദേഹത്തെ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും നെഹ്‌റ പറഞ്ഞു.
സത്യസന്ധമായി ക്രിക്കറ്റ് കളിക്കുന്ന താരമാണ് ധോണി. മൂന്ന് വര്‍ഷം കൂടി ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഉണ്ടാകണം. 39മത് വയസിലും എനിക്ക് കളിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ധോണിക്കും ടീമിന്റെ ഭാഗമായി തുടരാന്‍ സാധിക്കുമെന്ന് നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
ധോണിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ടീമിന് ധോണിയുടെ സേവനം ഇനിയും ആവശ്യമുണ്ട്. ഒരു കളിയിലെ പരാജയം വിലയിരുത്തി അദ്ദേഹത്തെ തള്ളിപ്പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഞാന്‍ പരാജയപ്പെടുമ്പോള്‍ എനിക്കെതിരെ എന്തുകൊണ്ട് വിമര്‍ശനം ഉന്നയിക്കുന്നില്ലെന്നും കോഹ്‌ലി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.