ടീമിലെ എന്റെ റോള്‍ എന്തെന്ന് എനിക്ക് കൃത്യമായി അറിയാം, പുറത്തുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ലെന്ന് കോലി

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2025 (14:05 IST)
പാകിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. മത്സരത്തില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ താരം 111 പന്തില്‍ നിന്നും പുറത്താവാതെ 100 റണ്‍സാണ് നേടിയത്. കോലിയുടെ സെഞ്ചുറിപ്രകടനത്തിന്റെ ബലത്തില്‍ 7 ഓവറുകള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ വിജയം.
 
നിര്‍ണായകമായ മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച കോലി തന്റെ പ്രകടനത്തെ പറ്റി മത്സരശേഷം പറഞ്ഞത് ഇങ്ങനെ. ഇതുപോലെ നിര്‍ണായകമായ മത്സരത്തില്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ സന്തോഷമുണ്ട്. കാരണം സെമി യോഗ്യതയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍. മത്സരത്തിന്റെ തുടക്കത്തില്‍ രോഹിത്തിനെ നഷ്ടമായ സാഹചര്യത്തില്‍ ടീമിന് മികച്ച സംഭാവന നല്‍കാനായി എന്നതില്‍ സന്തോഷമുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി പൂര്‍ണമായ ബോധ്യം എനിക്കുണ്ടായിരുന്നു.
 
 കൂടുതല്‍ റിസ്‌ക് എടുക്കാതെ സ്പിന്നര്‍മാര്‍ക്കെതിരെ മധ്യ വറുകള്‍ നിയന്ത്രിക്കുക എന്നതായിരുന്നു എന്റെ ജോലി. ഈ സമയത്ത് ശ്രേയസ് കൃത്യമായി ബൗണ്ടറികള്‍ കണ്ടെത്തി എന്നത് എന്നെ സഹായിച്ചു. എനിക്ക് സ്വാഭാവികമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. എന്റെ പ്രകടനത്തെ പറ്റി കൃത്യമായ ധാരണ എനിക്കുണ്ട്. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. മൈതാനത്ത് എന്റെ 100 ശതമാനം നല്‍കുന്നതില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്താല്‍ ദൈവം നമുക്ക് ഒപ്പം നില്‍ക്കുമെന്നും ഞാന്‍ കരുതുന്നു. കോലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍