ആദ്യം ഷമിക്കെതിരെ, ഇപ്പോള്‍ ഫേസ്ബുക്കിനും! - ഹാസിന്‍ ജഹാന്റെ വാദങ്ങള്‍ ശക്തമാകുന്നു
ശനി, 10 മാര്‍ച്ച് 2018 (10:09 IST)
നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഹാസിന്‍ ജഹാന് ആരോപിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയവും ഇതുതന്നെ. ഷമിക്കെതിരേ ആരോപണമുയര്‍ത്തിയ ഹാസിന്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിനെതിരേയും ആരോപണമുയര്‍ത്തിയിരിക്കുകയാണ്.
ഭര്‍ത്താവിനെതിരായ കാര്യങ്ങള്‍ പറയാനും പിന്തുണയ്ക്കാനും തനിക്കൊപ്പം ആരുമില്ലാത്തതിനാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചതെന്ന് ഹാസിന്‍ പറയുന്നു. എന്നാല്‍ തന്റെ സമ്മതമില്ലാതെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്ന് ഹാസിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭാര്യ നല്‍കിയ പരാതിയില്‍ ഷമിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയവ ഉള്‍പ്പടെ ഏഴ് കേസുകളാണ് ഷമിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നും ശാരീരിക അക്രമം നടത്തിയെന്നും പൊലീസിന് ഹസിന്‍ എഴുതി നല്‍കിയ പരാതിയിലുണ്ട്.
യാദവ്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് ഷമിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഷമിയുടെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷമായി ഷമിയും അദ്ദേഹത്തിന്റെ കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നുമായിരുന്നു ഹാസിന്റെ ആരോപണം.
ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്. 2014ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കുമ്പോള്‍ താന്‍ സമ്മാനമായി നല്‍കിയ ഫോണ്‍ ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ ഒളിച്ചുവെച്ചത് കണ്ടുപിടിച്ചു. അതില്‍ വിവാഹേതര ബന്ധത്തെപ്പറ്റിയുള്ള തെളിവുകളുണ്ടായിരുന്നു. നിരവധി ഗര്‍ഭനിരോധന ഉറകളും കാറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ലോക്ക് ചെയ്തിരുന്ന ഫോണ്‍ നിരവധി പാറ്റേണുകള്‍ മാറിമാറി പരിശോധിച്ചാണ് ഞാന്‍ തുറന്നതെന്നും ജഹാന്‍ പറഞ്ഞു.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഷമി തന്നോട് മോശമായി പെരുമാറി. അദ്ദേഹത്തിന്റെ സഹോദരനും അമ്മയും തന്നോട് മോശമായി പെരുമാറാറുണ്ട്. അവര്‍ തന്നെ കൊല്ലാന്‍പോലും ശ്രമിച്ചിരുന്നു. ഇക്കാര്യം ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെന്നും ഹാസിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും അവരുമായി നടത്തിയ അശ്ലീല ചാറ്റുകള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് എനിക്ക് നിയന്ത്രണം വിട്ടത്. ഒരു പാക് വനിതയുമായി വരെ ഷമിക്ക് ബന്ധമുണ്ട്. ഇനി ഇത് സഹിക്കാനാവില്ല. എല്ലാ തെളിവുകളും വച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് താനെന്നും ഹസിന്‍ വ്യക്തമാക്കി.
അതേസമയം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഷമി ട്വിറ്ററിലൂടെ രംഗത്തെത്തി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു പുറത്തു വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നും തന്റെ കരിയറും ജീവിതവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പടച്ചുവിടുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താരം ട്വിറ്റ് ചെയ്തു.
ജഹാന്റെ ഗുരുതര ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ബിസിസിഐ ഈ വര്‍ഷത്തെ താരങ്ങളുടെ വേതന വ്യവസ്ഥ കരാറില്‍ നിന്നും താരത്തെ പുറത്താക്കിയിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാല്‍ താരത്തെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐ നിലപാട്.