ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ രോക്ഷപ്രകടനം ഡ്രസിംഗ് റൂമിലും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുമായുണ്ടായ ആശയ കുഴപ്പത്തില്‍ റണ്‍ ഔട്ട് ആയതിന്റെ ദേഷ്യത്തില്‍ ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തിയ കോഹ്‌ലി പാഡ് വലിച്ചെറിഞ്ഞാണ് കലിപ്പ് പ്രകടിപ്പിച്ചത്.
മോര്‍ണി മോക്കല്‍ എറിഞ്ഞ മത്സരത്തിന്റെ 26മത് ഓവറിലായിരുന്നു മികച്ച ഫോമില്‍ നിന്ന കോഹ്‌ലി റണ്ണൌട്ടായത്. പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് രോഹിത് ശ്രമിച്ചപ്പോള്‍ കോഹ്‌ലി ക്രീസ് വിട്ടിറങ്ങി. എന്നാല്‍, അപകടം മണത്ത രോഹിത് ക്രീസിലേക്ക് തിരികെ കയറി. ഇതോടെ തിരിച്ച് ക്രീസിലേക്ക് കയറാന്‍ കോഹ്‌ലി ശ്രമിച്ചെങ്കിലും പന്ത് പിടിച്ചെടുത്ത ഡുമിനി അനായാസ ത്രോയിലൂടെ ക്യാപ്‌റ്റന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
54 പന്തില്‍ 36 റണ്‍സുമായി കൂടാരം കയറിയ കോഹ്‌ലി ഡ്രസിംഗ് റൂമിലെത്തി പാഡ് ഊരിയെടുത്ത ശേഷം വലിച്ചെറിയുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യ 73 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 201 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.