ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനുടമയായി ഹാഷിം അംല !

വ്യാഴം, 29 ഡിസം‌ബര്‍ 2016 (14:44 IST)
ഒരു അപൂര്‍വ റെക്കോര്‍ഡിനുടമയായി ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ബിഡബ്ലിയുവിലൂടെ പുറത്താകുന്ന 10,000മത്തെ താരമെന്ന റെക്കോര്‍ഡാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഹാഷിം അംലയുടെ പേരിലായത്. 48 റണ്‍സായിരുന്നു ഈ മത്സരത്തില്‍ അം‌ലയുടെ സംഭാവന. നുവാന്‍ പ്രതീപിനായിരുന്നു വിക്കറ്റ്.   
 
ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ബി വിക്കറ്റിലൂടെ ഏറ്റവും കൂടുതല്‍ തവണ ഔട്ടായതിന്റെ റെക്കോര്‍ഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണുള്ളത്. 296 ഔട്ടുകളില്‍ 63 തവണയാണ് എല്‍ബി വിക്കറ്റിലൂടെ സച്ചിന്‍ പുറത്തായത്. 231ല്‍ 55 തവണ പുറത്തായ വെസ്റ്റ്ഇന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദ്രപോളിനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. 
 
അതേസമയം, എല്‍ബിഡ്ബ്ലിയുവിലൂടെ ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലയ്ക്കാണ്. കുംബ്ലെ വീഴ്ത്തിയ 619 വിക്കറ്റുകളില്‍ 156ഉം എല്‍ബി വിക്കറ്റിലൂടെയാണ്. 800വിക്കറ്റില്‍ 150മായി ശ്രീലങ്കയുടെ മുത്തയ്യമുരളീധരന്‍ രണ്ടാം സ്ഥാനത്തും 708 വിക്കറ്റുകളില്‍ 138എല്‍ ബിയുമായി ഓസ്‌ട്രേലിയയുടെ ഷെയിന്‍ വോണ്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. 

വെബ്ദുനിയ വായിക്കുക