Hardik Pandya: ധോണിയാണെന്നാണ് വിചാരം, ടീമിനെ തുഴഞ്ഞ് തോല്‍പ്പിച്ചു; ഹാര്‍ദിക്കിനെതിരെ ആരാധകര്‍

Webdunia
ബുധന്‍, 3 മെയ് 2023 (12:49 IST)
Hardik Pandya: ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിന് തോറ്റതിനു പിന്നാലെയാണ് ആരാധകര്‍ ഹാര്‍ദിക്കിനെതിരെ രംഗത്തെത്തിയത്. ടീമിനെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹാര്‍ദിക്കാണെന്നാണ് ആരാധകരുടെ വാദം. 
 
131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടക്കം മുതല്‍ ഒടുക്കം വരെ ക്രീസില്‍ ഉണ്ടായിരുന്ന ഹാര്‍ദിക് 53 പന്തില്‍ പുറത്താകാതെ 59 റണ്‍സ് നേടി. എന്നാല്‍ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ് ടീമിനെ ജയിപ്പിക്കുന്നതായിരുന്നില്ല. അവസാന ഓവറുകളിലൊന്നും ഹാര്‍ദിക് യാതൊരു ആക്രമണോത്സുകതയും കാണിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നു. സ്വയം വലിയ ഫിനിഷര്‍ ആണെന്ന ഭാവമാണ് ഹാര്‍ദിക്കിന്. എന്നാല്‍ നിര്‍ണായക സമയത്ത് ടീമിനായി ഒന്നും ചെയ്യാന്‍ കഴിയില്ല. 44 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഹാര്‍ദിക് പിന്നീട് നേരിട്ട ഒന്‍പത് പന്തുകളില്‍ നിന്ന് നേടിയത് വെറും ഒന്‍പത് റണ്‍സ് മാത്രമാണ്. 
 
നിരവധി പേര്‍ ഹാര്‍ദിക്കിനെതിരെ രംഗത്തെത്തി. സ്വയം ധോണിയാണെന്നാണ് ഹാര്‍ദിക് കരുതുന്നതെന്നും എന്നാല്‍ ഈ സീസണില്‍ ടീമിന് വേണ്ടി കാര്യമായൊന്നും ഹാര്‍ദിക് ചെയ്തിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. അവസാന ഓവറുകളില്‍ ആക്രമിച്ചു കളിക്കാന്‍ ഹാര്‍ദിക് ശ്രമിച്ചിരുന്നെങ്കില്‍ കളി ഗുജറാത്ത് ജയിക്കുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. രാഹുല്‍ തെവാത്തിയ കാണിച്ച ആക്രമണ മനോഭാവം പോലും ഹാര്‍ദിക്കില്‍ കണ്ടില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. 
 
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രാഹുലും പറഞ്ഞു. മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെന്നും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ഹാര്‍ദിക് പറഞ്ഞു. ' തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു ഇത്. പക്ഷേ അവസാന ഓവറുകളില്‍ ചില വിക്കറ്റുകള്‍ നഷ്ടമായി. രാഹുല്‍ (തെവാത്തിയ) അവസാന സമയത്ത് ഞങ്ങളെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ്. അവസാന സമയത്ത് ടീമിനെ വിജയിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല. ഇന്നിങ്സിന്റെ മധ്യത്തില്‍ ചില വലിയ ഓവറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും അഭിനവും. പക്ഷേ ശരിയായ താളം ലഭിച്ചില്ല. അഭിനവിനും ഇങ്ങനെയൊരു സാഹചര്യം ആദ്യമായിട്ടാണ്. ഡല്‍ഹിയുടെ ബൗളര്‍മാര്‍ക്കാണ് ഫുള്‍ ക്രെഡിറ്റ്. എനിക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കുണ്ട്. എനിക്ക് താളം കണ്ടെത്താന്‍ സാധിക്കാതിരുന്നത് ടീം തോല്‍ക്കാനുള്ള പ്രധാന കാരണമായി,' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article