Hardik Pandya likely to be India's Vice Captain: ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ സ്ഥിരം ഉപനായകനാകും, കെ.എല്‍.രാഹുല്‍ തെറിച്ചേക്കും !

വെള്ളി, 5 ഓഗസ്റ്റ് 2022 (09:41 IST)
Hardik Pandya: ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ സ്ഥിരം ഉപനായകനാക്കാന്‍ ബിസിസിഐയും സെലക്ടര്‍മാരും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പില്‍ ഹാര്‍ദിക് ആയിരിക്കും ഉപനായകനെന്ന് ഇന്‍സൈഡ് സ്‌പോര്‍ട് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്. 
 
തുടര്‍ച്ചയായി പരുക്കിന്റെ കെണിയില്‍ പെടുന്ന കെ.എല്‍.രാഹുലിനെ ഉപനായക സ്ഥാനത്തു നിന്ന് നീക്കി ഹാര്‍ദിക്കിന് ഉത്തരവാദിത്തം നല്‍കുന്നതാണ് ഉചിതമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. കെ.എല്‍.രാഹുലിന് പരുക്ക് കാരണം ഒട്ടേറെ മത്സരങ്ങള്‍ നഷ്ടമാകുകയാണെന്നും അങ്ങനെയൊരു താരത്തിന് ഉപനായകന്റെ ഉത്തരവാദിത്തം നല്‍കേണ്ടതില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം. ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ ഹാര്‍ദിക്കിനെ ഉപനായകനായും പ്രഖ്യാപിക്കാനാണ് സാധ്യത. 
 
'പാണ്ഡ്യ ഒരു ലോകോത്തര താരമാണ്. അദ്ദേഹത്തെ ഉപനായകനാക്കാനുള്ള തീരുമാനം സെലക്ടര്‍മാരുടേതാണ്. നേതൃമികവുള്ള താരങ്ങളുടെ ഗ്രൂപ്പില്‍ ഹാര്‍ദിക്കിന്റെ പേര് എപ്പോഴും ഉണ്ട്. അദ്ദേഹത്തിനു അവസരങ്ങള്‍ കിട്ടിയാല്‍ കൂടുതല്‍ ശോഭിക്കുമെന്ന് ഉറപ്പ്,' ഒരു ബിസിസിഐ ഉന്നതനെ ഉദ്ദരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഹാര്‍ദിക്കിന്റെ നേതൃമികവ് ഐപിഎല്ലില്‍ കണ്ടതാണ്. പരുക്കില്‍ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചു. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിച്ചതും ഹാര്‍ദിക് പാണ്ഡ്യയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍