ഗുജറാത്ത് ടൈറ്റന്‍സ് വിട്ടു മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരണമെങ്കില്‍ തനിക്ക് നായകസ്ഥാനം വേണമെന്ന് ഹാര്‍ദിക് പാണ്ഡ്യ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഹാര്‍ദിക്കിനെ നായകനായി മുംബൈ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയ്ക്ക് ശേഷം ഹാര്‍ദിക്കിനെ നായകനാക്കാമെന്നായിരുന്നു മുംബൈ ഫ്രാഞ്ചൈസിയുടെ പദ്ധതി. 2024 സീസണില്‍ രോഹിത് നായകനായി തുടരുകയും 2025 സീസണിലേക്ക് എത്തുമ്പോള്‍ ഹാര്‍ദിക്കിനെ നായകനായി പ്രഖ്യാപിക്കുകയുമായിരുന്നു മുംബൈ ലക്ഷ്യമിട്ടത്. എന്നാല്‍ ക്യാപ്റ്റന്‍സിക്ക് വേണ്ടി ഹാര്‍ദിക് പിടിവാശി കാണിച്ചതോടെ രോഹിത്തിനെ ഒഴിവാക്കേണ്ട അവസ്ഥയിലേക്ക് എത്തി.
ഹാര്‍ദിക് നായകസ്ഥാനം ആവശ്യപ്പെട്ട കാര്യം മുംബൈ മാനേജ്‌മെന്റ് നേരത്തെ തന്നെ രോഹിത് ശര്‍മയെ അറിയിച്ചിരുന്നു. രോഹിത് നായകസ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെങ്കില്‍ മാത്രം ഹാര്‍ദിക്കിനെ ട്രേഡിങ്ങിലൂടെ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിക്കാമെന്നാണ് മുംബൈ നിലപാടെടുത്തത്. നായകസ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മുംബൈ ട്രേഡിങ്ങുമായി മുന്നോട്ടു പോയത്.
ഗുജറാത്തിലെ നായകസ്ഥാനം ഉപേക്ഷിച്ചു വരുമ്പോള്‍ നായകസ്ഥാനത്തില്‍ കുറഞ്ഞതൊന്നും മുംബൈയില്‍ തനിക്ക് വേണ്ട എന്നായിരുന്നു ഹാര്‍ദിക്കിന്റെ നിലപാട്. ടീമിന്റെ ഭാവിക്ക് വേണ്ടി നായകസ്ഥാനം ഒഴിയാന്‍ രോഹിത് കൂടി തയ്യാറായതോടെ മുംബൈയ്ക്ക് വലിയൊരു തലവേദന ഒഴിഞ്ഞു. ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും രോഹിത് മാനേജ്‌മെന്റിനെ അറിയിച്ചു.