ബംഗ്ലാദേശിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായകപോരാട്ടത്തില്‍ വിജയിച്ച് ചരിത്രത്തിലാദ്യമായി ഐസിസി ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ച് അഫ്ഗാനിസ്ഥാന്‍. മഴ പലപ്പോഴും തടസമായി മാറിയ നാടകീയപോരാട്ടത്തിനൊടുവിലാണ് അഫ്ഗാന്റെ വിജയം. മഴ പലപ്പോഴും കളി മുടക്കിയതിനാല്‍ തന്നെ മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം റിസള്‍ട്ട് ഉണ്ടാകാന്‍ സാധ്യത അധികമായിരുന്നു.
അഫ്ഗാനെ 115 റണ്‍സിന് ചുരുക്കിയ ബംഗ്ലാദേശിന് കളി മഴ മൂലം ഉപേക്ഷിക്കുകയാണെങ്കിലും മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കില്‍ മത്സരത്തില്‍ വിജയിക്കാമായിരുന്നു. ആദ്യം മികച്ച രീതിയില്‍ തന്നെ റണ്‍സ് ഉയര്‍ത്തി കളിച്ചെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. ഇതിനിടെ കളി തടസ്സപ്പെടുത്തി മഴ വീണ്ടുമെത്തി. 81 റണ്‍സിന് 6 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ് അപ്പോള്‍ കളി മഴ മൂലം നിര്‍ത്തുവെയ്ക്കുകയാണെങ്കില്‍ ഈ ഘട്ടത്തില്‍ 83 റണ്‍സാണ് ബംഗ്ലാദേശിന് ആവശ്യമായിരുന്നത്.
മത്സരം പിന്നീട് പുനരാരംഭിച്ചപ്പോള്‍ ശക്തമായി തന്നെ മത്സരത്തില്‍ തിരിച്ചെത്താന്‍ അഫ്ഗാനായി. മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സ് അകലെ പുറത്താക്കി സെമിഫൈനലിലേക്ക് പ്രവേശനം നേടുകയും ചെയ്തു. എങ്കിലും അഫ്ഗാന്‍ മൈതാനത്ത് ചെയ്തത് ചതിയാണെന്നും അഭിനയത്തിന് ഗുല്‍ബദിന്‍ നയ്ബിന് ഓസ്‌കര്‍ എങ്കിലും കൊടുക്കണമെന്നും അഭിപ്രായപ്പെടുന്ന ആരാധകര്‍ ഏറെയാണ്. ജൊനാഥന്‍ ട്രോട്ട് കളി സാവധാനത്തിലാക്കാന്‍ പറയുന്നതിന് തൊട്ടുപിന്നാലെ ഗുല്‍ബദിന്‍ ഗ്രൗണ്ടില്‍ വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.