ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അഭിറാം മനോഹർ

ശനി, 14 സെപ്‌റ്റംബര്‍ 2024 (08:58 IST)
Vishnu Vinod
കേരള ക്രിക്കറ്റ് ലീഗിന്റെ പന്ത്രണ്ടാം ദിവസത്തെ രണ്ടാമത്തെ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് വിട്ട് തൃശൂര്‍ ടൈറ്റന്‍സ്. 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് തൃശൂര്‍ സ്വന്തമാക്കിയത്. കാര്യവട്ടം സ്റ്റേഡിയത്തില്‍ വെച്ച് തൃശൂര്‍ താരമായ വിഷ്ണു വിനോദ് നടത്തിയ ത്രസിപ്പിക്കുന്ന ബാറ്റിംഗ് വെടിക്കെട്ടാണ് തൃശൂരിന് വിജയം സമ്മാനിച്ചത്. ആലപ്പി റിപ്പിള്‍സ് മുന്നോട്ട് വെച്ച് 182 റണ്‍സ് വിജയലക്ഷ്യം വെറും 12.4 ഓവറിലാണ് തൃശൂര്‍ മറികടന്നത്.
 
 തൃശൂരിനായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത വിഷ്ണു വിനോദ് 45 പന്തില്‍ നിന്നും 17 സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പടെ 139 റണ്‍സാണ് അടിച്ചുകൂട്ടിയത്. 33 പന്തില്‍ 12 സിക്‌സും 4 ഫോറും നേടിയാണ് വിഷ്ണു കേരള ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോര്‍ഡ് തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ ആലപ്പിയുടെ ടി കെ അക്ഷയാണ് വിഷ്ണുവിനെ പുറത്താക്കിയത്. അപ്പോഴേക്കും ടീം സ്‌കോര്‍ 180ലെത്തിയിരുന്നു.
 
 നേരത്തെ ടോസ് നേടിയ തൃശൂര്‍ ആലപ്പിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സെഞ്ചുറി കൂട്ടുക്കെട്ടോടെ മുഹമ്മദ് അസ്ഹറുദ്ദീന്‍- കൃഷ്ണപ്രസാദ് കൂട്ടുക്കെട്ട് മികച്ച തുടക്കമാണ് ആലപ്പിക്ക് നല്‍കിയത്. 14 ഓവറില്‍ 123 നേടിയാണ് ഈ സഖ്യം പിരിഞ്ഞത്. 17.1 ഓവറില്‍ ടീം സ്‌കോര്‍ 150 നില്‍ക്കെ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനെ ആലപ്പിക്ക് നഷ്ടമായി. 53 പന്തില്‍ നിന്ന് 6 സ്‌ക്‌സുകളും 7 ബൗണ്ടറികളും ഉള്‍പ്പടെ 90 റണ്‍സാണ് അസ്ഹറുദ്ദീന്‍ നേടിയത്. 182 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന് ഓപ്പണര്‍മാരായ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും സ്വപ്ന തുടക്കമാണ് നല്‍കിയത്. 8 ഓവറില്‍ 104 റണ്‍സ് നേടിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍