2015ൽ നായകനാകുമ്പോൾ ഇംഗ്ലണ്ട് ആരോടും തോൽക്കാവുന്ന ദുർബലർ, ഇന്ന് വൈറ്റ് ബോൾ ക്രിക്കറ്റിലെ നിർണായക സാന്നിധ്യം , മാറ്റത്തിന് പിന്നിൽ ഒരൊറ്റ പേര്: മോർഗൻ

ബുധന്‍, 29 ജൂണ്‍ 2022 (15:18 IST)
അന്താരാഷ്ട്ര കരിയർ ഒരു രാജ്യത്തിന് ആരംഭിച്ച് മറ്റൊരു രാജ്യത്തെ സൂപ്പർ താരമായ കളിക്കാരാണ് ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നിലെന്ന് വിമർശനമുയർത്തിയാൽ അതിൽ തെറ്റ് പറയാനാകില്ല. മറ്റൊരു രാജ്യത്ത് നിന്നെത്തി ഇംഗ്ലണ്ടിൻ്റെ തന്നെ കളിരീതികൾ മാറ്റിയെഴുതിയ താരങ്ങളാണ് ബെൻ സ്റ്റോക്സും ഓയിൻ മോർഗനും. ഇതിൽ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ എല്ലാ ഫോർമാറ്റിലെയും നിർണായക താരമായപ്പോൾ പരിമിത ഓവർ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള നിയോഗം അയർലൻഡുകാരനാായ ഓയിൻ മോർഗനായിരുന്നു.
 
ക്രിക്കറ്റിൻ്റെ മാതൃഭൂമിയെന്ന വിശേഷണമുണ്ടെങ്കിലും 2019 വരെയും ഒരു ലോകകിരീടം നേടാൻ ഇംഗ്ലണ്ടിനായിരുന്നില്ല. ടെസ്റ്റിൽ നിർണായക ശക്തിയായി പലപ്പോഴും ഇംഗ്ലണ്ട് നിലനിന്നെങ്കിലും പരിമിത ഓവർ ക്രിക്കറ്റിലെ നേട്ടങ്ങൾ പരിമിതമായിരുന്നു. എന്നാൽ 2015 ഓടെ ഇംഗ്ലണ്ട് ക്രിക്കറ്റിൽ മാറ്റത്തിൻ്റെ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു.
 
പരിമിത ഓവർ ക്രിക്കറ്റിൽ ആധിപത്യം നേടാനുറപ്പിച്ച് ഒരു പുതിയ സംഘം കളിക്കാർ അയർലൻഡുകാരനായി അരങ്ങേറ്റം നടത്തി പിന്നീട് ഇംഗ്ലണ്ട് നായകനായി മാറിയ ഓയിൻ മോർഗന് കീഴിൽ അണിനിരന്നപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് തന്നെ പുനർനിർവചിക്കപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിനായി ലോകകപ്പ് നേട്ടം മാത്രമായിരുന്നില്ല ഓയിൻ മോർഗൻ സ്വന്തമാക്കിയത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ സംഘമായി മോർഗൻ ഇംഗ്ലണ്ട് നിരയെ ഉടച്ചുവാർത്തു.
 
കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ ആക്രമിച്ചു കളിക്കാൻ സന്നദ്ധരായ ഒരു കൂട്ടം കളിക്കാർ ചേർന്ന് പിന്നീട് ഏകദിന ക്രിക്കറ്റിനെയും ടി20 ക്രിക്കറ്റിനെയും പുതുക്കിയെഴുതി. ജോണി ബെയർസ്റ്റോ,ബെൻ സ്റ്റോക്സ്,ജേസൺ റോയ്,ബെൻ സ്റ്റോക്സ്,ഓയിൻ മോർഗൻ തുടങ്ങി എല്ലാ കളിക്കാരും ആക്രമണോത്സുകമായി മത്സരത്തെ സമീപിച്ചതോടെ 2015ലെ ദുർബലരിൽ നിന്നും ലിമിറ്റഡ് ഫോർമാറ്റിലെ ഏറ്റവും ശക്തരായ ടീമായി ഇംഗ്ലണ്ട് മാറി.
 
സമീപകാലത്തായി നിറം മങ്ങിയെങ്കിലും ഏകദിനത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസുകളെന്ന നേട്ടവുമായാണ് മോർഗൻ കളിക്കളത്തിൽ നിന്നും വിടവാങ്ങുന്നത്. ഒപ്പം ഇംഗ്ലണ്ടിന് ഏകദിനത്തിൽ കന്നി ലോകകപ്പ് കിരീടവും മോർഗൻ നേടികൊടുത്തു. ഇംഗ്ലണ്ടിനെ ഏകദിന വിജയങ്ങളിൽ 20 ശതമാനവും മോർഗൻ്റെ നായകത്വത്തിന് കീഴിലായിരുന്നു എന്ന ഒരൊറ്റ കണക്ക് മതി ഇംഗ്ലണ്ട് ക്രിക്കറ്റിന് മോർഗൻ ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍