Ind vs Eng: സച്ചിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ ജോ റൂട്ട്

അഭിറാം മനോഹർ
തിങ്കള്‍, 22 ജനുവരി 2024 (15:14 IST)
അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലി ഫലപ്രദമാകുമോ എന്ന ചോദ്യമാണ് പരമ്പരയില്‍ കൗതുകം ഉയര്‍ത്തുന്നത്. ഇംഗ്ലണ്ടിലും മറ്റ് വിദേശരാജ്യങ്ങളിലും ബാസ്‌ബോള്‍ ശൈലിയില്‍ വിജയിക്കാന്‍ ഇംഗ്ലണ്ടിനായിരിന്നെങ്കിലും ഇന്ത്യയില്‍ ബാസ്‌ബോള്‍ ശൈലി പിന്തുടരുന്നത് ആത്മഹത്യാപരമാകും എന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. അതിനാല്‍ തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ലോകം കാണാന്‍ കാത്തിരിക്കുന്നത്.
 
ബാസ്‌ബോളും പരമ്പരാഗത ടെസ്റ്റ് ശൈലിയും തമ്മിലുള്ള പോരാട്ടം എന്നിവയ്‌ക്കൊപ്പം നിരവധി റെക്കോര്‍ഡ് നേട്ടങ്ങളും ഈ പരമ്പരയില്‍ പിറക്കുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് അവസരം ഒരുങ്ങുന്നു എന്നാണ് അതിലൊന്ന്. നിലവില്‍ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം സച്ചിനാണ്.2535 റണ്‍സാണ് താരം ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുള്ളത്. എന്നാല്‍ 2526 റണ്‍സുമായി ഇംഗ്ലണ്ട് താരം ജോ റൂട്ട് സച്ചിന് തൊട്ടുപിന്നിലുണ്ട്. പരമ്പരയില്‍ സചിന്റെ റെക്കോര്‍ഡ് നേട്ടം അതിനാല്‍ തകരുമെന്ന് ഉറപ്പാണ്.
 
സച്ചിനും റൂട്ടിനും പിറകിലായി സുനില്‍ ഗവാസ്‌കര്‍ അലിസ്റ്റര്‍ കുക്ക് എന്നീ താരങ്ങളാണ് പട്ടികയിലുള്ളത്. ഗവാസ്‌കര്‍ 2,483 റണ്‍സും കുക്ക് 2,431 റണ്‍സുമാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നേടിയിട്ടുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് 1991 റണ്‍സാണുള്ളത്. ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡാണ് റൂട്ടിനുള്ളത് എന്നതിനാല്‍ ഇംഗ്ലണ്ട് നിരയില്‍ ഇന്ത്യ ആദ്യം ലക്ഷ്യം വെയ്ക്കുന്നത് താരത്തിന്റെ റെക്കോര്‍ഡാകും. ഇന്ത്യയില്‍ 9 സെഞ്ചുറികളാണ് റൂട്ട് നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article