പൂജ്യമായി എന്നത് ശരി തന്നെ പക്ഷേ ഒന്ന് തിളങ്ങിയാൽ ഹിറ്റ്മാനെ കാത്ത് റെക്കോർഡുകൾ ഏറെ

അഭിറാം മനോഹർ

വെള്ളി, 12 ജനുവരി 2024 (17:59 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പൂജ്യനായാണ് മടങ്ങിയത്. ടി20 ക്രിക്കറ്റ് കരിയറില്‍ ഇത് പതിനൊന്നാം തവണയാണ് താരം പൂജ്യനായി മടങ്ങുന്നത്. ഇതോടെ നാണക്കേടിന്റെ കുഴിയിലേക്ക് വീണിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. എന്നാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ അഫ്ഗാനെതിരായ ടി20 പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളില്‍ രോഹിത് തിളങ്ങുകയാണെങ്കില്‍ ആരും കൊതിക്കുന്ന റെക്കോര്‍ഡ് നേട്ടങ്ങളാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
 
3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ ടി20 ക്രിക്കറ്റില്‍ 100 വിജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യതാരമായി രോഹിത് ശര്‍മ മാറിയിരുന്നു. ഇനിയുള്ള 2 മത്സരങ്ങളില്‍ നിന്നും 147 റണ്‍സിനപ്പുറം നേടാന്‍ സാധിക്കുകയാണെങ്കില്‍ ടി20യില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. 3 മത്സരങ്ങളിലും ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിജയം നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടവും രോഹിത്തിന് സ്വന്തമാകും. ഇനിയുള്ള 2 മത്സരങ്ങളില്‍ നിന്നും 5 സിക്‌സുകള്‍ കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താനും രോഹിത്തിന് സാധിക്കും. 44 റണ്‍സാണ് ടൂര്‍ണമെന്റില്‍ നേടാന്‍ സാധിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍