കളിയാക്കുന്നവന്മാർക്ക് അറിയുമോ, കോലിയുടെ ടി20യിലെ ആദ്യത്തെ ഗോൾഡൻ ഡെക്കായിരുന്നു അതെന്ന് ?, ഊഹിക്കാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റെയ്ഞ്ച്

അഭിറാം മനോഹർ

വ്യാഴം, 18 ജനുവരി 2024 (15:42 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേരിട്ട ആദ്യ പന്തിലാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി പുറത്തായത്. പരമ്പരയില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും മൂന്നാം ടി20യില്‍ താരം ഗോള്‍ഡന്‍ ഡെക്കായതില്‍ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്നലെ പൂജ്യത്തിന് പുറത്തായതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കോലി പിന്നിലാക്കിയിരുന്നു. ഡക്കുകളുടെ കണക്കില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടന്നെങ്കിലും ടി20 ക്രിക്കറ്റില്‍ ഇതാദ്യമായാണ് കോലി ഗോള്‍ഡന്‍ ഡെക്കാവുന്നത്.
 
കരിയറില്‍ 35 തവണയാണ് കോലി പൂജ്യത്തിന് പുറത്തായിട്ടുള്ളത്. ടെസ്റ്റില്‍ 14 തവണയും ഏകദിനത്തില്‍ 16 തവണയും ടി20യില്‍ 5 തവണയും താരം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34 തവണ പൂജ്യത്തിന് മടങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് കോലി മറികടന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 15 കൊല്ലത്തിന് മുകളിലുള്ള കരിയറില്‍ ഇതാദ്യമായാണ് ടി20യില്‍ കോലി നേരിട്ട ആദ്യപന്തില്‍ തന്നെ മടങ്ങുന്നത്.
 
522 അന്താരാഷ്ട്ര മത്സരങ്ങളിലായാണ് കോലി 35 തവണ പൂജ്യനായി മടങ്ങിയത്. ഇന്ത്യന്‍ താരങ്ങളില്‍ സഹീര്‍ ഖാനാണ് ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായിട്ടുള്ളത്. 44 തവണയാണ് സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്തായിട്ടുള്ളത്. 59 തവണ പൂജ്യത്തിന് പുറത്തായ ശ്രീലങ്കന്‍ ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ പേരിലാണ് ഈ വിഭാഗത്തിലെ റെക്കോര്‍ഡ് നേട്ടമുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍