മധുര പ്രതികാരം വീട്ടി ഓസിസ്, പരമ്പര കൈവിട്ട് ഇംഗ്ലണ്ട്

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (09:29 IST)
ആഷസ് പരമ്പരയില്‍ പരാജയമേറ്റുവാങ്ങിയ ഓസ്ട്രേലിയ നാണക്കേടിന്റെ ചാരത്തില്‍ നിന്ന് അഭിമാനത്തൊടെ നാട്ടിലേക്ക് മടങ്ങി. ആഷസ് പരമ്പരയില്‍ തോല്‍വി (2-3) ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ അവസാന മത്സരം ജയിച്ച് ഏകദിന പരന്പര 3-2ന് കൈക്കലാക്കി. കടുത്ത മത്സരങ്ങള്‍ കണ്ട ഏകദിന പരന്പരയുടെ അവസാനം പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു. ആദ്യ രണ്ട് കളികളും ജയിച്ച് ഓസീസ് കരുത്തുകാട്ടിയെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് പിന്നീടുള്ള രണ്ട് കളികളും ജയിച്ചു. ഇതോടെ അവസാന കളി നിര്‍ണായകമാവുകയായിരുന്നു.

അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 138 റണ്‍സിന് പുറത്താക്കിയ ഓസീസ് 24.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുത്തു. 27 റണ്‍സിന് നാലുവിക്കറ്റ് പിഴുത പേസ് ബൗളര്‍ മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം. പരമ്പരയുടെ താരവും മാര്‍ഷ് തന്നെ. സ്‌കോര്‍: ഇംഗ്ലണ്ട് 33 ഓവറില്‍ 138-ന് പുറത്ത്; ഓസീസ് 24.2 ഓവറില്‍ 2-ന് 140. 10 ഓവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജോണ്‍ ഹേസ്റ്റിങ്‌സും ആറോവറില്‍ 27 റണ്‍സിന് നാലുവിക്കറ്റ് കൊയ്ത മാര്‍ഷും ചേര്‍ന്നാണ് ആതിഥേയരെ കടപുഴക്കിയത്.

22 റണ്‍സെടുക്കുമ്പോഴേക്കും ആദ്യ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് അതേ സ്‌കോറില്‍ ഇയാന്‍ മോര്‍ഗന്(1) ഫാസ്റ്റ്ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട് കളിക്കളം വിടേണ്ടിവന്നതോടെ പിടിച്ചുനില്ക്കാനായില്ല. ബെന്‍ സ്റ്റോക്‌സ്(42), ആദില്‍ റഷീദ്(35) എന്നിവരുടെ ബാറ്റിങ്ങാണ് 100 കടക്കാന്‍ അവരെ പ്രാപ്തരാക്കിയത്. അതേസമയം തുടക്കത്തില്‍ രണ്ടു വിക്കറ്റ് പോയെങ്കിലും ഓപ്പണര്‍ ആറോണ്‍ ഫിഞ്ചും(64 പന്തില്‍ പുറത്താകാതെ 70) ജോര്‍ജ് ബെയ്‌ലിയും (45 പന്തില്‍ പുറത്താകാതെ 41) സെഞ്ച്വറി കൂട്ടുകെട്ട് (109 റണ്‍സ്) ഉയര്‍ത്തി ഓസിസ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

വെബ്ദുനിയ വായിക്കുക