അടുത്ത ചാംപ്യന്‍സ് ട്രോഫി പാക്കിസ്ഥാനില്‍; ഇംഗ്ലണ്ടിന് കളിക്കാന്‍ സാധിച്ചേക്കില്ല ! തിരിച്ചടിയായത് പുതിയ നിയമം

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (12:49 IST)
2025 ല്‍ പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ 2019 ലെ ലോകകപ്പ് ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് കളിക്കാന്‍ സാധിച്ചേക്കില്ല. ചാംപ്യന്‍സ് ട്രോഫി യോഗ്യതയ്ക്കു വേണ്ടിയുള്ള മാനദണ്ഡം ഐസിസി പരിഷ്‌കരിച്ചതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയാകുക. ഇപ്പോള്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ലീഗ് റൗണ്ട് കഴിയുമ്പോള്‍ പോയിന്റ് ടേബിളില്‍ ആദ്യ ഏഴ് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരായ പാക്കിസ്ഥാനുമാണ് 2025 ലെ ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ യോഗ്യത നേടുക. 
 
ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചിലും തോറ്റ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റോടെ വിജയിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന് പോയിന്റ് ടേബിളില്‍ ആദ്യ ഏഴില്‍ എത്താന്‍ സാധിക്കില്ല. ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, പാക്കിസ്ഥാന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഇനിയുള്ള എതിരാളികള്‍. ഇതില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ തോറ്റാല്‍ പോലും ഇംഗ്ലണ്ടിന് തിരിച്ചടിയാകും. 
 
ഏഴാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന് അഞ്ച് കളികളില്‍ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റ് ഇപ്പോള്‍ ഉണ്ട്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ പോലും അഫ്ഗാനിസ്ഥാന് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിനു മുന്നില്‍ നില്‍ക്കാം. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ ജയിക്കുക മാത്രമാണ് ഇംഗ്ലണ്ടിനു ഇനിയുള്ള സാധ്യത. അല്ലാത്തപക്ഷം 2025 ലെ ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ സാധിക്കില്ല. ഐസിസി റാങ്കിങ് അനുസരിച്ചായിരുന്നു നേരത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമുകളെ തീരുമാനിച്ചിരുന്നത്. 
 
അതേസമയം ഇത്തവണ ലോകകപ്പിന് യോഗ്യത നേടാത്ത വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്കും 2025 ലെ ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ സാധിക്കില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article