അതേ സ്ഥലത്ത് വീണ്ടും പുറം വേദന വന്നാൽ ബുമ്രയുടെ കരിയർ തന്നെ തീരും, 3 ടെസ്റ്റുകൾ തുടർച്ചയായി ബുമ്രയെ കളിപ്പിക്കരുത്

അഭിറാം മനോഹർ

വ്യാഴം, 13 മാര്‍ച്ച് 2025 (16:06 IST)
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ ഒന്നാകെ തോളിലേറ്റിയ പ്രകടനത്തിന് പിന്നാലെയാണ് ബുമ്ര പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായത്. പരിക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലടക്കം കളിക്കാന്‍ ബുമ്രയ്ക്കായിരുന്നില്ല.
 
 ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബൗളിംഗിനെ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തിയത് ബുമ്രയായിരുന്നു. അന്ന് തന്നെ ബുമ്രയുടെ ജോലിഭാരത്തെ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു. ടീമിന്റെ പ്രീമിയം ബൗളറെ പരിക്കുകളില്ലാതെ കരുതിവെയ്ക്കണമെന്ന ആവശ്യമാണ് എങ്ങുനിന്നും ഉയര്‍ന്നത്. ഇപ്പോഴിതാ ബുമ്രയ്ക്ക് പുറം വേദന വന്ന ഇടത്ത് വീണ്ടും പരിക്കേല്‍ക്കുകയാണെങ്കില്‍ കരിയര്‍ തന്നെ അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് പേസ് ഇതിഹാസമായ ഷെയ്ന്‍ ബോണ്ട്.
 
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് പിന്നാലെ ബുമ്രയ്ക്ക് പുറം വേദന വന്നതിനെ തുടര്‍ന്നാണ് ഷെയ്ന്‍ ബോണ്ടിന്റെ പ്രതികരണം. വലിയ പ്രതീക്ഷകള്‍ തന്ന് ഷെയ്ന്‍ ബോണ്ടിന്റെ കരിയര്‍ അവസാനിപ്പിച്ചതും തുടര്‍ച്ചയായ പരിക്കുകളായിരുന്നു. ബുമ്രയ്ക്ക് ഇപ്പോള്‍ പ്രശ്‌നമില്ലായിരിക്കും. എന്നാല്‍ ജോലിഭാരം ഒരു പ്രശ്‌നം തന്നെയാണ്. പരിക്ക് ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബുമ്രയ്ക്ക് കൃത്യമായ ഒഇടവേളകള്‍ ആവശ്യമാണ്. 
 
2 ടെസ്റ്റുകളില്‍ കൂടുതല്‍ അവനെ തുടര്‍ച്ചയായി കളിപ്പിക്കരുതെന്നെ ഞാന്‍ പറയു. ഒരു പരിക്ക് കൂടി അതേയിടത്ത് സംഭവിക്കുകയാണെങ്കില്‍ അത് ഒരുപക്ഷെ കരിയര്‍ എന്‍ഡിങ്ങായി മാറാം. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇനി ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഇത് ഓര്‍മവെച്ച് വേണം ബുമ്രയെ മാനേജ് ചെയ്യാന്‍. ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെയാണ് ടെസ്റ്റ് എന്നതിനാല്‍ ഇത് കുറച്ച് കൂടി റിസ്‌കുള്ള കാര്യമാണ്. ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍