ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച് ദിനേശ് കാര്‍ത്തിക് !

ശനി, 18 ജൂണ്‍ 2022 (19:47 IST)
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ദിനേശ് കാര്‍ത്തിക് ഉറപ്പായും ഉണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. മുന്‍ നായകന്‍ വിരാട് കോലിയുടെ സാധ്യത പോലും തുലാസില്‍ നില്‍ക്കുമ്പോഴാണ് 37 കാരനായ ദിനേശ് കാര്‍ത്തിക്കിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നത്. ഫിനിഷറുടെ റോളില്‍ ദിനേശ് കാര്‍ത്തിക് ഉറപ്പായും ടീമില്‍ ഉണ്ടാകുമെന്നാണ് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിലേക്കും കാര്‍ത്തിക്കിനെ പരിഗണിച്ചത് ഇക്കാരണത്താലാണ്. 
 
ട്വന്റി 20 ലോകകപ്പിന് മുന്‍പ് ദിനേശ് കാര്‍ത്തിക്കിന് പരമാവധി അവസരങ്ങള്‍ നല്‍കണമെന്നാണ് ബിസിസിഐയും സെലക്ടര്‍മാരും തീരുമാനിച്ചിരിക്കുന്നത്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പൂര്‍ണ പിന്തുണ കാര്‍ത്തിക്കിനുണ്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് അത്യാവശ്യമായി വേണ്ടത് കാര്‍ത്തിക്കിനെ പോലൊരു ഹാര്‍ഡ് ഹിറ്ററെ ആണെന്നാണ് ദ്രാവിഡിന്റെ നിലപാട്. അതുകൊണ്ട് കാര്‍ത്തിക്കിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ട്വന്റി 20 ലോകകപ്പിന് മുന്‍പ് നടക്കുന്ന എല്ലാ ട്വന്റി 20 മത്സരങ്ങളിലും കാര്‍ത്തിക് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍