വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്ത് ഉണ്ടായിട്ടും ദിനേശ് കാര്‍ത്തിക്കിനെ കൈവിടാതെ സെലക്ടര്‍മാര്‍; ലക്ഷ്യം മറ്റൊരു ധോണി ! ലോകകപ്പ് ടീമില്‍ ഉറപ്പ്

Webdunia
വെള്ളി, 10 ജൂണ്‍ 2022 (09:24 IST)
ഐപിഎല്ലിലെ മികച്ച ഫോം പരിഗണിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയൊരു സംശയം ഉണ്ടായിരുന്നു. ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് ഉണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും. ഫിനിഷറുടെ റോളില്‍ തിളങ്ങാന്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഇടംപിടിച്ചു. അങ്ങനെയൊരു ലൈനപ്പ് ഉള്ളപ്പോള്‍ പ്ലേയിങ് ഇലവനില്‍ ദിനേശ് കാര്‍ത്തിക്കിന് സ്ഥാനമുണ്ടാകുമോ എന്നതായിരുന്നു സംശയം. കാര്‍ത്തിക് പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വരെ പലരും വിധിയെഴുതി. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ തന്നെ കാര്‍ത്തിക് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. 
 
റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരുണ്ടായിട്ടും ദിനേശ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനില്‍ അവസരം കൊടുത്തത് കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ദിനേശ് കാര്‍ത്തിക്കിനെ അവിഭാജ്യ ഘടകമായി ബിസിസിഐയും സെലക്ടര്‍മാരും കാണുന്നു എന്നാണ് അതിനര്‍ത്ഥം. ധോണിക്ക് ശേഷം ഫിനിഷറുടെ റോളില്‍ തിളങ്ങുന്ന ബിഗ് ഹിറ്റര്‍ ഇന്ത്യന്‍ നിരയില്‍ ഇല്ല. അപ്പോഴാണ് ഐപിഎല്ലില്‍ എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കാര്‍ത്തിക് മാസ്മരിക പ്രകടനം നടത്തിയത്. ഈ പ്രകടനം ബിസിസിഐയെ തൃപ്തിപ്പെടുത്തി. 
 
ഒഴിഞ്ഞുകിടക്കുന്ന ഫിനിഷര്‍ റോളിലേക്ക് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള ദിനേശ് കാര്‍ത്തിക് വരുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് സെലക്ടര്‍മാരുടെ വാദം. അതുകൊണ്ടാണ് പന്തും ഇഷാന്‍ കിഷനും ഉള്ള പ്ലേയിങ് ഇലവനില്‍ ദിനേശ് കാര്‍ത്തിക് കൂടി ഇടംപിടിച്ചത്. യുവതാരങ്ങളുടെ നിരയിലേക്ക് കാര്‍ത്തിക്കിന്റെ പരിചയസമ്പത്ത് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ദിനേശ് കാര്‍ത്തിക്കിന് കൂടുതല്‍ അവസരം നല്‍കി ട്വന്റി 20 ലോകകപ്പിന് സജ്ജമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article