പരിക്കേറ്റ ബ്രിട്ടീഷ് സൈനികരുടെ ക്ഷേമത്തിനായുള്ള ഫണ്ട് ശേഖരണാർത്ഥം ഓവൽ ഗ്രൗണ്ടില്‍ നടത്തിയ ചാരിറ്റി ട്വന്റി-20 മത്സരത്തിൽ ധോണിയും സെവാഗും അടങ്ങിയ ഹെൽപ് ഫോർ ഹീറോസ് ഇലവൻ റെസ്റ്റ് ഓഫ് ദ വേൾഡ് ഇലവനെ തകർത്തു. ഓപ്പണിംഗിൽ വീരേന്ദർ സെവാഗ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗും ധോണിയുടെ അവസാന ഓവറിലെ ഫിനിഷിംഗുമാണ് ഹീറോസിന് ജയമൊരുക്കിയത്.
22 പന്തിൽ 38 റണ്ണെടുത്ത് പുറത്താകാതെ നിന്ന ധോണിയാണ് കളിയിലെ കേമൻ. ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ദ വേൾഡ് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 158 റണ്ണെടുത്തു. അവസാന ഓവറിലെ മൂന്നാം പന്തിൽ ധോണി നേടിയ ബൗണ്ടറിയിലൂടെ ഹീറോസ് 19.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു. മത്സരത്തിലൂടെ മൂന്ന് ലക്ഷം പൗണ്ടാണ് ശേഖരിച്ചത്.