ധോണിയും ശാസ്ത്രിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു: സുനില്‍ ഗവാസ്‌കര്‍

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (15:26 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മഹേന്ദ്രസിങ് ധോണിയെ നിയമിച്ചതില്‍ വ്യത്യസ്ത കമന്റുമായി സുനില്‍ ഗവാസ്‌കര്‍. എം.എസ്.ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും എന്നാല്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയും തമ്മില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 
 
'ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടി 20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയത്. അതുകൊണ്ട് തന്നെ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് യുഎഇയിലും ഗുണം ചെയ്യും. 2004 ല്‍ ഞാന്‍ ഇന്ത്യന്‍ ടീം ഉപദേഷ്ടാവായപ്പോള്‍ അന്നത്തെ പരിശീലകന്‍ ജോണ്‍ റൈറ്റിനു പരിഭ്രാന്തി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം ഞാന്‍ ഏറ്റെടുക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ധോണിക്ക് പരിശീലനത്തില്‍ വലിയ താത്പര്യമില്ലെന്ന് ശാത്രിക്ക് അറിയാം. ശാസ്ത്രിയും ധോണിയും ചേര്‍ന്ന് പോയാല്‍ ഇന്ത്യക്ക് ഗുണം ചെയ്യും. എന്നാല്‍, തന്ത്രങ്ങളിലും ടീം തിരഞ്ഞെടുപ്പിലും ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് ടീമിനെ ബാധിക്കും. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,' ഗവാസ്‌കര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍